കൊച്ചി: പെരിയ കേസിൽ CBI അന്വേഷണം തടയാൻ സർക്കാർ ചെലവഴിച്ചത് രണ്ട് കോടിയോളം രൂപ. മുൻ സോളിസിറ്റർ ജനറൽ അടക്കമുള്ളവരെയായിരുന്നു ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമെല്ലാം സർക്കാരിറക്കിയത്.
പെരിയ കേസിൽ സിബിഐ കോടതിയുടെ വിധി സർക്കാരിനും സിപിഎമ്മിനും വലിയ തിരിച്ചടി നൽകുന്നതായിരുന്നു. സിബിഐ പ്രതിചേർത്ത മൂന്ന് സിപിഎം നേതാക്കളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് പെരിയ കേസിൽ സിബിഐ അന്വേഷണം തടയാൻ സർക്കാർ ചെലവഴിച്ച കോടികളെക്കുറിച്ച് ചർച്ചകൾ സജീവമായത്. പൊലീസ് അന്വേഷണത്തിൽ പോരായ്മകൾ ചൂണ്ടിക്കാട്ടി കേസ് സിബിഐയ്‌ക്ക് കൈമാറണമെന്ന ആവശ്യം ഉയർന്നപ്പോൾ സർക്കാർ അതിനെ എതിർത്തു. ഈ വാദം ഹൈക്കോടതിയിൽ ഉയർത്തുന്നതിന് നാല് അഭിഭാഷകരെയാണ് സർക്കാർ നിയോഗിച്ചത്.
കേസ് വാദിക്കാനെത്തിയ മുൻ സോളിസിറ്റർ ജനറലിന് സിറ്റിംഗ് ഒന്നിന് 25 ലക്ഷം വീതമായിരുന്നു സർക്കാർ നൽകിയതെന്നതും ശ്രദ്ധേയമാണ്. അതിന് ശേഷം കേസ് വാദിച്ച അഡീഷണൽ സോളിസിറ്റർ ജനറലിനും സഹായികൾക്കുമായി 63 ലക്ഷം രൂപയും നൽകി. സിബിഐ അന്വേഷണം തടയാൻ ഹൈക്കോടതിയിൽ മാത്രം 88 ലക്ഷം രൂപയോളം സർക്കാർ ചെലവഴിച്ചു. ഡിവിഷൻ ബെഞ്ച് സിബിഐ അന്വേഷണം ശരിവച്ചപ്പോൾ സുപ്രീംകോടതിയെ സമീപിച്ച സർക്കാർ, ലക്ഷങ്ങൾ ചെലവഴിച്ച് അഭിഭാഷകരെ എത്തിക്കുകയും സുപ്രീംകോടതിയിൽ കേസ് വാദിക്കുകയും ചെയ്തു. പെരിയ കേസിൽ സിബിഐ അന്വേഷണം തടയാൻ വക്കീൽ ഫീസിനത്തിൽ മാത്രം ഏകദേശം രണ്ട് കോടിയോളം രൂപ സർക്കാർ ചെലവഴിച്ചെന്നാണ് കണക്കുകൾ. പാർട്ടി കൊലയാളികൾക്കായി സർക്കാർ മുടക്കിയ നികുതിപ്പണം CPMന്റെ ഖജനാവിൽ നിന്ന് തിരിച്ചടയ്‌ക്കണമെന്ന് ആവശ്യം ശക്തമാവുകയാണ്.















