ലക്നൗ: സംഭാലിൽ കണ്ടെത്തിയ പടിക്കിണറിൽ ഖനനം പുരോഗമിക്കുന്നു. മീററ്റിൽ നിന്നുള്ള എഎസ്ഐ സംഘം പ്രദേശത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ചന്ദൗസി മേഖലയിൽ നിന്നാണ് പുരാതന പടിക്കിണർ കണ്ടെത്തിയത്. ഉത്തർ പ്രദേശിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ സമാന രീതിയിലുള്ള പടിക്കിണറുകൾ കണ്ടെത്തിയതായി മീററ്റ് എഎസ്ഐയുടെ സർക്കിൾ-ഇൻ-ചാർജായ വിനോദ് സിംഗ് റാവത്ത് പറഞ്ഞു.
കണ്ടെടുത്തവയെല്ലാം ഒരേ രീതിയിലുള്ളവയാണ്. പ്രദേശത്ത് ഖനനം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖനനം തുടങ്ങി എട്ടാം ദിവസമാണ് പടിക്കിണർ കണ്ടെത്തിയത്. 150 വർഷം പഴക്കമുള്ള പടിക്കിണറാണിതെന്നാണ് നിഗമനം. 400 ചതുരശ്ര മീറ്റർ വിസ്തീർണമാണ് പടിക്കിണറിനുള്ളത്. ഒന്നാം സ്വാതന്ത്ര്യസമര കാലത്ത് നിർമിച്ചതാണ് ഈ പടിക്കിണറെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
നേരത്തെ ജെസിബി ഉപയോഗിച്ചായിരുന്നു ഖനനം നടത്തിയിരുന്നെങ്കിൽ ഘടനയ്‌ക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനായി തൊഴിലാളികൾ കൈ കൊണ്ടാണ് ഖനനം നടത്തുന്നതെന്ന് ചന്ദൗസി മുൻസിപ്പൽ കോർപറേഷൻ എക്സിക്യൂട്ടീവ് ഓഫീസർ കെകെ സോൻകർ പറഞ്ഞു. 50-ഓളം പേരാണ് ഖനനം നടക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് എക്സ്കവേഷൻ ഇൻചാർജ് പ്രിയങ്ക സിംഗ് പറഞ്ഞു. ഷിഫ്റ്റ് അടിസ്ഥാനത്തിൽ തുടർച്ചയായാണ് സംഭാലിൽ ഖനനം നടക്കുന്നത്.
#WATCH | Uttar Pradesh | ASI Survey team from Meerut inspected an age-old Baori found in the Chandausi area of Sambhal where excavation work is underway by the Sambhal administration. pic.twitter.com/JS3vMsppJp
— ANI (@ANI) December 28, 2024
കഴിഞ്ഞ ദിവസം സംഭാലിൽ നിന്ന് മൃത്യുകൂപം കണ്ടെത്തിയിരുന്നു. പാപങ്ങൾ കഴുകി കളയാൻ ശേഷിയുള്ള അതിപുരാതന മരണക്കിണറാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. തർക്കം നിലനിൽക്കുന്ന ഷാഹി ജുമാ മസ്ജിദിൽ നിന്ന് 300 മീറ്റർ അകലെയാണ് ഇത് കണ്ടെത്തിയത്. ഇതിനിടെ മസ്ജിദിനിന് സമീപത്തായി പുതിയ പൊലീസ് ഔട്ട്‌പോസ്റ്റിന്റെ നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് ആക്രമസംഭവങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് ഔട്ട്‌പോസ്റ്റ് നിർമിക്കുന്നത്.