കാസർകോട്: പുഴയിൽ കുളിക്കുന്നതിനിടെ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. കാസർകോട് എരഞ്ഞിപ്പുഴയിലാണ് സംഭവം. സഹോദരീ-സഹോദരന്മാരുടെ മക്കളായ റിയാസ്(17), യാസീൻ (13), സമദ് (13) എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടെ മൂന്ന് പേരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.
റിയാസിന് മാത്രമാണ് നീന്തൽ അറിയാമായിരുന്നത്. റിയാസ് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കവെയാണ് മറ്റ് രണ്ട് കുട്ടികൾ കൂടി അപകടത്തിൽപ്പെട്ടത്. ഇവരോടൊപ്പമുണ്ടായിരുന്ന സ്ത്രീ ബഹളം വച്ചതോടെയാണ് നാട്ടുകാർ ഓടികൂടിയത്. റിയാസിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഗ്നിരക്ഷാ സേന എത്തി നടത്തിയ തെരച്ചിലിലാണ് മറ്റ് രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും സ്കൂബ ഡൈവേഴ്സും ചേർന്നാണ് തെരച്ചിൽ നടത്തിയത്. മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.















