മോസ്കോ: അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നുവീണ് 38 പേർ മരിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം ആലിയേവിനോടാണ് പുടിൻ ക്ഷമാപണം നടത്തിയത്. ‘ദാരുണമായ സംഭവ’മാണ് നടന്നതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും പുടിൻ പറഞ്ഞു. പരിക്കേറ്റവർക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും റഷ്യൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഇക്കാര്യം വ്യക്തമാക്കി ക്രിമിലിൻ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
യുക്രെയ്നിൽ നിന്നുള്ള ഡ്രോൺ ആക്രമണങ്ങളെ തടയുന്നതിനായി റഷ്യയുടെ പ്രതിരോധ സംവിധാനങ്ങൾ ഗ്രോസ്നിയിലേക്ക് വെടിവെപ്പ് നടത്തിയിരുന്നു. ഗ്രോസ്നി, മോസ്ഡോക്, വ്ലാഡികാവ്കാസ് എന്നിവിടങ്ങളിലേക്ക് യുക്രെയ്നിന്റെ ആക്രമണമുണ്ടായപ്പോഴാണ് സംഭവം. നിരവധി ആളില്ലാ എയർക്രാഫ്റ്റുകൾ റഷ്യൻ വ്യോമാതിർത്തിയിലേക്ക് കടന്നുവന്നു. ഇത് റഷ്യയുടെ എയർഡിഫൻസ് സംവിധാനം തടയുകയും ചെയ്തുവെന്ന് ക്രിമിലിൻ വ്യക്തമാക്കി.
റഷ്യയുടെ പ്രതിരോധ സംവിധാനം പ്രത്യാക്രമണം നടത്തിയതിന്റെ ഭാഗമായാണ് അസർബൈജാൻ എയർലൈൻസിന് മാർഗതടസമുണ്ടാവുകയും ദക്ഷിണ റഷ്യയിൽ നിന്ന് വഴിതിരിച്ചുവിടേണ്ടി വരികയും ചെയ്തത്. ഇതിന് പിന്നാലെ റഷ്യൻ വ്യോമപരിധിയിൽ വച്ച് തന്നെ വിമാനം നിലംപൊത്തുകയായിരുന്നു. കസാക്കിസ്ഥാനിലെ അക്തൗ വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. സംഭവത്തിൽ 38 പേർ മരിക്കുകയും 32 പേർ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.
“സാങ്കേതികവും ഭൗതികവുമായ ബാഹ്യ ഇടപെടൽ” കാരണമാണ് വിമാനം തകർന്നുവീണതെന്ന് കഴിഞ്ഞ ദിവസം അസർബൈജാൻ എയർലൈൻസ് പുറത്തിറക്കിയ ഔഗ്യോഗിക പ്രസ്താവനയിൽ പറഞ്ഞിരുന്നു. റഷ്യൻ വ്യോമപരിധിയിൽ വച്ച് വിമാനത്തിന് നേരെയുണ്ടായ ബാഹ്യ ഇടപെടലിൽ വിമാനത്തിന് നിയന്ത്രണം നഷ്ടമാവുകയും കസാക്കിസ്ഥാനിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തുവെന്ന് അസർബൈജാൻ പ്രസിഡന്റ് ആലിയേവും പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് റഷ്യൻ പ്രസിഡന്റിന്റെ ക്ഷമാപണം. എന്നാൽ റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പറയാൻ പുടിൻ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. യുക്രെയ്ൻ ഡ്രോണുകൾ പ്രതിരോധിക്കുന്നതിന് റഷ്യ അയച്ച മിസൈൽ തട്ടിയാണ് വിമാനം തകർന്നതെന്ന ആരോപണം അമേരിക്ക ഉൾപ്പടെ നേരത്തെ ഉന്നയിച്ചിരുന്നു.