ഭോപ്പാൽ: പത്ത് വയസുകാരൻ കുഴൽക്കിണറിൽ വീണു. മദ്ധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് 39 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് കുട്ടി വീണത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കുട്ടിക്ക് ഓക്സിജൻ സപ്പോർട്ട് നൽകുന്നുണ്ടെന്ന് കളക്ടർ സത്യേന്ദ്ര സിംഗ് പറഞ്ഞു. അഗ്നിരക്ഷാ സേനയുടെ കൂടുതൽ ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘവും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കുഴൽക്കിണറിന് സമീപത്തായി സമാനമായ മറ്റൊരു കുഴി എടുക്കുന്ന ജോലിയാണ് നടന്നുവരുന്നത്. ആരോഗ്യവകുപ്പിന്റെ ഒരു സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം, രാജസ്ഥാനിലെ ബെഹാറോറിൽ 150 അടി താഴ്ചയിലുള്ള കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഡിസംബർ 23-നാണ് കുട്ടി കുഴൽക്കിണറിൽ വീണത്. ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് തടസമാവുന്നതായി അഗ്നിരക്ഷാസേന അറിയിച്ചു.















