ന്യൂഡൽഹി: മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കിബാത്തിന്റെ 117-ാം പതിപ്പിൽ മഹാകുംഭമേളയുടെ പ്രധാന്യമടക്കമുള്ള വിഷയങ്ങൾ മോദി എടുത്തുപറഞ്ഞു. ഐക്യത്തിന്റെ സന്ദേശമാണ് കുംഭമേള നൽകുന്നതെന്നും ഇത്തവണ ലോകമെമ്പാടുമുള്ള തീർത്ഥാടകർ ഡിജിറ്റൽ മഹാകുംഭമേളയ്‌ക്കാണ് പ്രയാഗ്‌രാജിൽ സാക്ഷ്യം വഹിക്കുകയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
“ജനുവരി 13 മുതൽ പ്രയാഗ്‌രാജിൽ മഹാകുംഭമേള നടക്കുകയാണ്. ഇതിനായി വലിയ മുന്നൊരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കുംഭമേളയിൽ പങ്കെടുക്കുമ്പോൾ സമൂഹത്തിലെ ഭിന്നിപ്പും വിദ്വേഷവും ഇല്ലാതാക്കാൻ പ്രയത്നിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. ചരിത്രത്തിലാദ്യമായി AI ചാറ്റ്ബോട്ട് ഉപയോഗിക്കുന്ന കുംഭമേളയാണിത്. മേളയുമായി ബന്ധപ്പെട്ട എല്ലാവിധ വിശദാംശങ്ങളും ഈ ചാറ്റ്ബോട്ടിലൂടെ ലഭ്യമാകും. 11 ഇന്ത്യൻ ഭാഷകളിൽ വിവരങ്ങൾ നൽകാൻ ചാറ്റ്ബോട്ടിന് സാധിക്കും.
എവിടെയും വിവേചനമുണ്ടാകില്ല. ഒരാളും വലുതും ചെറുതുമല്ല. അതിനാൽ നമ്മുടെ മേള ഐക്യത്തിന്റെ മഹാകുംഭമേള കൂടിയാണ്. സർക്കാർ അംഗീകൃത ടൂർ പാക്കേജുകൾ, താമസം, ഹോംസ്റ്റേ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ മൊബൈൽ ഫോണുകളിൽ ഭക്തർക്ക് ലഭ്യമാകും.
2025 മഹാകുംഭ മേളയിൽ പങ്കെടുക്കുന്നവർക്ക് ഡിജിറ്റൽ നാവിഗേഷന്റെ സഹായത്തോടെ വിവിധ ഘട്ടുകൾ, ക്ഷേത്രങ്ങൾ, അഖാരകൾ എന്നിവയിൽ എത്തിച്ചേരാനാകും. ഇതേ നാവിഗേഷൻ സംവിധാനം തന്നെ നിങ്ങളെ പാർക്കിംഗ് സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ നയിക്കും. പാർക്കിംഗ് സ്ഥലങ്ങളിൽ മുഴുവൻ AI- പവർ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറകൾ പാർക്കിംഗിനും മറ്റ് അനുബന്ധ സൗകര്യങ്ങൾക്കും നിങ്ങളെ സഹായിക്കും. ഡിജിറ്റൽ ലോസ് & ഫൗണ്ട് സെൻ്ററിന്റെ സൗകര്യവും ഭക്തർക്ക് ലഭ്യമാകും.”- പ്രധാനമന്ത്രി പറഞ്ഞു.