ലോകത്തിന്റെ വിവിധ കോണിൽ നിന്ന് കോടി കണക്കിന് പേരാണ് മഹാകുംഭമേളയ്‌ക്കായ് പ്രയാഗ്‌രാജിലേക്ക് എത്തുക. അതുകൊണ്ട് തന്നെ പഴുതടച്ച സുരക്ഷയാണ് ഉത്തർ പ്രദേശ് ഭരണകൂടം ഒരുക്കുന്നത്. വെള്ളത്തിനടിയിലും ആകാശത്തും ഒരു പോലെ നിരീക്ഷിക്കാൻ കഴിയുന്ന ഡ്രോണുകൾ വിന്യസിക്കുമെന്ന് അധികൃതർ അറിയിച്ചു.
100 മീറ്റർ വെള്ളത്തിനടിയിലും 120 മീറ്റർ ഉയരത്തിലും നിരീക്ഷണം നടത്താൻ ശേഷിയുള്ള ഡ്രോണുകളാകും വിന്യസിക്കുന്നത്. സംഗം പ്രദേശത്താകും അണ്ടർവാട്ടർ ഡ്രോണുകൾ വിന്യസിക്കുക. അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ആൻ്റി ഡ്രോൺ സംവിധാനം വിന്യസിച്ചിരുന്നു. മഹാകുഭമേളയിലും ഇത് വിന്യസിക്കും.
കുറഞ്ഞ വെളിച്ചത്തിലും മികച്ച പ്രവർത്തനം കാഴ്ച വയ്‌ക്കാൻ കഴിയുന്നവയാണ് അണ്ടർവാട്ടർ ഡ്രോൺ. സ്നാനത്തിനായി ഇറങ്ങുന്ന വിശ്വാസികളുെ സുരക്ഷ മുൻനിർത്തിയാണ് ഈ സംവിധാനം സജ്ജമാക്കുന്നതെന്ന് അധികൃതർ പറഞ്ഞു. 100 മീറ്റർ ആഴത്തിൽ വരെ ഇവയ്‌ക്ക് പ്രവർത്തിക്കാനാകും. വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലും കൃത്യമായ വിവരങ്ങൾ കൈമാറാൻ ഇവയ്‌ക്ക് കഴിയും.
ജലനിരപ്പിൽ നിരീക്ഷണം നടത്താനായി 700-ലധികം ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി റിമോട്ടിൽ പ്രവർത്തിക്കുന്ന ലൈഫ്ബോയികളും വിന്യസിക്കും. ഡ്രോണുകൾക്ക് പുറമേ എഐ ക്യാമറകളുണ്ടാകും. തിരക്ക് നിയന്ത്രിക്കുന്നതിലും ആളുകളുടെ എണ്ണം കൃത്യമായി അറിയാനും ഇത് സഹായിക്കും. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സുരക്ഷ ഉറപ്പാക്കുകയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.