ബസുകളുടെ അമിതവേഗതയെ കുറിച്ച് ഫെയ്സ്ബുക്ക് കുറിപ്പുമായി നടൻ സന്തോഷ് കീഴാറ്റൂർ. മുഖ്യമന്ത്രി പിണറായി വിജയനെയും ഗതാഗതമന്ത്രി ഗണേഷ് കുമാറിനെയും അഭിസംബോധന ചെയ്തുകൊണ്ടാണ് സന്തോഷ് കീഴാറ്റൂറിന്റെ കുറിപ്പ് തുടങ്ങുന്നത്. തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്തതിന്റെ അനുഭവമാണ് താരം കുറിപ്പിൽ പങ്കുവക്കുന്നത്.
മനുഷ്യജീവന് ഒരു വിലയും കൊടുക്കാതെയാണ് സ്വകാര്യബസിലെ ഡ്രൈവർമാർ ബസോടിക്കുന്നതെന്നും മുതലാളിമാർക്ക് വേണ്ടി പണിയെടുക്കുന്ന വെറും സൈക്കോ കൊലയാളിയായി അവർ മാറിയിരിക്കുകയാണെന്നും സന്തോഷ് കീഴാറ്റൂർ ഫെയ്സ്ബുക്കിൽ കുറിച്ചു. സ്വകാര്യബസിൽ നിന്ന് കെഎസ്ആർടിസി ബസിൽ കയറിയപ്പോൾ അതിലും ഭീകരമായ അനുഭവമാണ് ഉണ്ടായതെന്നും താരം കുറിപ്പിൽ പരാമർശിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
“മുഖ്യമന്ത്രിയും ഗതാഗതവകുപ്പ് മന്ത്രിയും അറിയാൻ, കഴിഞ്ഞ ദിവസങ്ങളിൽ തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് ഒരു പ്രൈവറ്റ് ബസിൽ യാത്ര ചെയ്തു. ഭാഗ്യമാണോ അമ്മയുടെയും അച്ഛന്റെയും പ്രാർത്ഥനയാണോ, അല്ല മറ്റ് എന്തെങ്കിലും അത്ഭുതമാണോ എന്നറിയില്ല. അപകടമരണം സംഭവിച്ചില്ല.
അത്രയും വേഗതയും അലക്ഷ്യമായ ഡ്രൈവിംഗും. മനുഷ്യജീവന് ഒരു വിലയും കൽപ്പിക്കാത്ത, മുതലാളിക്ക് വേണ്ടി
പണി എടുക്കുന്ന സൈക്കോ കൊലയാളികളായി
ചില ഡ്രൈവർമാർ ഇപ്പോഴും നമ്മുടെ നിരത്തുകളിൽ നിർജീവം പരിലസിക്കുകയാണ്.
കണ്ണൂരിൽ നിന്ന് തിരിച്ച് കെഎസ്ആർടിസി ബസിലാണ് യാത്ര ചെയ്തത്. പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട എന്ന് പറഞ്ഞത് പോലെ അത്ക്കും മേലെ സൈക്കോ ജീവനക്കാർ. എല്ലാ ബസ് ജീവനക്കാരെയും കുറ്റപ്പെടുത്തുന്നതല്ല
മാന്യമായി തൊഴിൽ ചെയ്യുന്നവരുമുണ്ട്. ഇവർക്ക് കളങ്കം വരുത്തുന്നത് കുറച്ച് സൈക്കോ ജീവനക്കാരാണ്. ഇവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഇപ്പോഴും പാട് പെടുന്നവർക്ക് നമ്മുടെ പൊതുഗതാഗതം നല്ല സൗകര്യങ്ങൾ ചെയ്തു തരണമെന്നും” സന്തോഷ് കീഴാറ്റൂർ പറയുന്നു.















