തിരുവനന്തപുരം: സിനിമ- സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം സ്വദേശിയാണ്. നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ച നടനാണ് ദിലീപ് ശങ്കർ.
നാല് ദിവസം മുമ്പാണ് ഒരു സീരിയലിന്റെ ഷൂട്ടിംഗിനായി ദിലീപ് തിരുവനന്തപുരത്തെത്തിയത്. രണ്ട് ദിവസമായി ലൊക്കേഷനിലേക്ക് കാണാത്തതുകൊണ്ട് സഹപ്രവർത്തകർ ഹോട്ടലിലെത്തി പരിശോധിച്ചപ്പോഴാണ് ദിലീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദിലീപ് ശങ്കറിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സഹപ്രവർത്തകൻ പ്രതികരിച്ചു. വിളിച്ചാൽ ഫോൺ എടുക്കാത്ത ശീലം ദിലീപ് ശങ്കറിന് ഉണ്ടായിരുന്നതായും കഴിഞ്ഞ 2-3 ദിവസമായി സഹപ്രവർത്തകരുമായി ബന്ധപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















