ന്യൂഡൽഹി: മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സംസ്കാരച്ചടങ്ങുകളിൽ വിവാദം സൃഷ്ടിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. കോൺഗ്രസ് പാർട്ടിയുടെ വിലകുറഞ്ഞ രാഷ്‌ട്രീയം പുറത്തെടുക്കാനുള്ള സമയമല്ല ഇതെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ നിഗംബോധ് ഘട്ടിൽ സംസ്‌കാര ചടങ്ങുകൾ സംഘടിപ്പിച്ചതിലൂടെ ബിജെപി മുൻ പ്രധാനമന്ത്രിയെ അപമാനിച്ചെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം.
എന്നാൽ മൻമോഹൻ സിംഗിന്റെ മരണത്തിന്റെ പിറ്റേ ദിവസം തന്നെ പ്രധാനമന്ത്രി മന്ത്രിസഭായോഗം വിളിച്ച് അദ്ദേഹത്തിന് ഏറ്റവും ഉയർന്ന ഔദ്യോഗിക സംസ്കാരം ലഭ്യമാക്കാൻ തീരുമാനിച്ചിരുന്നുവെന്ന് ഹർദീപ് സിംഗ് പുരി പറഞ്ഞു. മുൻ പ്രധാനമന്ത്രിക്ക് സ്മാരകം വേണമെന്ന കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അഭ്യർത്ഥന കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൻമോഹൻ സിംഗിനെ ബിജെപി അപമാനിച്ചുവെന്നുപറയുന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പ് അദ്ദേഹം തുറന്നുകാട്ടി. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയായിരുന്ന പിവി നരസിംഹറാവു മരിക്കുന്നത് 2004 ഡിസംബറിലാണ്. അന്ന് അദ്ദേഹത്തിന്റെ ഭൗതിക ശരീരം എഐസിസി ആസ്ഥാനത്ത് പ്രവേശിപ്പിക്കാൻ പോലും അനുവദിച്ചില്ല. നരസിംഹ റാവുവിന് സ്മാരകം നിർമിക്കാൻ സ്ഥലം നൽകിയത് നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
“മൻമോഹൻ സിംഗിന്റെ ചിതാഭസ്മം നിമജ്ജനത്തിനായി കൊണ്ടുപോകുമ്പോൾ ഗാന്ധി കുടുംബത്തിൽ നിന്ന് ആരും അവിടെ ഉണ്ടായിരുന്നില്ല. കോൺഗ്രസ് പാർട്ടി ഭാരവാഹികൾ പോലും,” ഹർദീപ് സിംഗ് പുരി പറഞ്ഞു. നിഗംബോധ് ഘട്ട് മൻമോഹൻ സിംഗിന്റെ ശവ സംസ്കാരത്തിന് യോജിച്ച സ്ഥലമല്ലെന്ന കോൺഗ്രസ് വാദങ്ങൾ കേന്ദ്രമന്ത്രി തള്ളിക്കളഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലുണ്ടായ കനത്തമഴയും വെള്ളപ്പൊക്കവും അദ്ദേഹം ഓർമിപ്പിച്ചു. നിഗംബോധ് ഘട്ട് താരതമ്യേന ഉയർന്നപ്രദേശമാണ്. മറ്റൊരു ഒഴിഞ്ഞ ഭൂമിയാണ് ഇതിനായി തെരഞ്ഞെടുത്തിരുന്നതെങ്കിൽ ഇടയ്‌ക്കിടെ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. അതൊരിക്കലുമുണ്ടായിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.















