ഹാസൻ: നെൽക്കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ് നെല്ല് വേർതിരിച്ച് ചാക്കുകളിലാക്കി സൂക്ഷിച്ചത് പാടശേഖരത്തിലെത്തിയ കാട്ടാനക്കൂട്ടം തിന്നു തീർത്തു. കർണാടകയിലെ ഹാസനിലാണ് സംഭവം. ബേലൂർ താലൂക്കിലെ ദേവലാപൂർ ഗ്രാമത്തിൽ നെല്ല് കൊയ്തെടുത്ത് വേർതിരിച്ച് കൊണ്ടുപോകാൻ വയലിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇത് ഏതാണ്ട് 60 ക്വിൻ്റൽ വരുമായിരുന്നു. തൊട്ടടുത്ത ദിവസം ട്രാക്ടറിൽ കയറ്റി കൊണ്ടുപോകാനായിരുന്നു പദ്ധതി.
എന്നാൽ പാടശേഖരത്തിലെത്തിയ കാട്ടാനക്കൂട്ടം അ നെല്ല് മുഴുവൻ നശിപ്പിക്കുകയായിരുന്നു. 12 എണ്ണമുള്ള കാട്ടാനക്കൂട്ടം രാത്രി ഏറെ വൈകിയാണ് ആക്രമണം നടത്തിയത്. കുറെയധികം നെല്ല് തിന്ന ശേഷം ബാക്കിയുള്ള ചാക്കുകൾ നശിപ്പിക്കുകയും ചെയ്തു. ഏതാണ്ട് 3 ലക്ഷത്തിനു മുകളിൽ തുക നഷ്ടം വരും.
കഷ്ടപ്പെട്ട് വിളയിച്ച നെൽകൃഷി നശിച്ചതോടെ കർഷകർ സങ്കടത്തിലും കണ്ണീരിലുമായി. കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. കാട്ടാനശല്യം തടയാത്ത വനംവകുപ്പിനും സർക്കാരിനുമെതിരെ കർഷകർ രോഷം പ്രകടിപ്പിച്ചു.
കഴിഞ്ഞ ഒരു മാസമായി താലൂക്കിൽ ആനകളും മനുഷ്യരും തമ്മിൽ സംഘർഷം നിലനിൽക്കുന്നു. രാത്രികാലങ്ങളിൽ തോട്ടങ്ങളിൽ കയറിയ ആനകൾ തെങ്ങ്, വാഴ, തെങ്ങ് എന്നിവ നശിപ്പിക്കുകയാണ് എന്നാണ് നാട്ടുകാർ പറയുന്നത്.















