സിയോൾ: ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ഇന്ത്യ. 176 പേരുടെ മരണത്തിനിടയാക്കിയ അപകടം അതീവ ദുഃഖകരമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
മരണപ്പെട്ടവരുടെ കുടംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നുവെന്നും ദുഷ്കരമായ സാഹചര്യത്തിൽ ദക്ഷിണ കൊറിയയിലെ ജനങ്ങളോടും സർക്കാരിനോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും സിയോളിലെ ഇന്ത്യൻ അംബാസിഡർ അമിത് കുമാർ എക്സിലൂടെ അറിയിച്ചു.
ബാങ്കോക്കിൽ നിന്ന് വരുന്നതിനിടയിൽ ലാൻഡിംഗിനിടെയാണ് വിമാനം തകർന്നത്. നിയന്ത്രണം നഷ്ടപ്പെട്ട് റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം കോൺക്രീറ്റ് വേലിയിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു. 15 വർഷം പഴക്കമുള്ള ബോയിംഗ് 737-800 ജെറ്റ് വിമാനമാണ് കത്തിയമർന്നത്. കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചതാണ് വിമാനം കത്താൻ കാരണമായതെന്നാണ് നിഗമനം.
181 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ 176 പേർ മരണത്തിന് കീഴടങ്ങിയതായാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവരിൽ 83 പേർ സ്ത്രീകളും 82 പേർ പുരുഷൻമാരുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 11 പേരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. രണ്ട് പേർ അപകടത്തിൽ നിന്ന് അത്ഭുകരമായി രക്ഷപ്പെട്ടു.















