തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് സംസ്ഥാന സർക്കാർ കാണിച്ചത് അനാദരവെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിന്റെ ചുമതലയൊഴിഞ്ഞ് ബിഹാറിലേക്ക് പോകുന്ന ഗവർണറെ യാത്ര അയക്കാൻ സർക്കാർ പ്രതിനിധികൾ എത്തിയില്ലെന്നും കേരളത്തിന്റെ ആതിഥ്യമര്യാദയ്‌ക്ക് വിരുദ്ധമായ പ്രവൃത്തിയാണ് സർക്കാർ കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആതിഥ്യമര്യാദയുടെ പേരിൽ ലോകം മുഴുവൻ അറിയപ്പെടുന്ന നാടാണ് കേരളം. മുഖ്യമന്ത്രി തിരുവനന്തപുരത്തുണ്ടായിട്ടും ഗവർണറെ യാത്ര അയക്കാൻ ചെല്ലുകയോ അതിന് മുൻപ് കൂടിക്കാഴ്ച നടത്തുകയോ ചെയ്തില്ല. മന്ത്രിസഭയുടെ പ്രതിനിധിയായി ഒരാളുപോലും പോയില്ല. കേരളത്തിന്റെ ആതിഥ്യമര്യാദയുടെ പാരമ്പര്യത്തിന് വിരുദ്ധമായ സമീപനമാണിത്. ആരിഫ് മുഹമ്മദ് ഖാനോട് സിപിഎമ്മിനുള്ള വിരോധത്തിന്റെ കാരണം വ്യക്തമാണ്. ഭരണഘടനയ്‌ക്ക് അനുസൃതമായി കഴിഞ്ഞ അഞ്ചുവർഷക്കാലം പ്രവർത്തിച്ച വ്യക്തിയായിരുന്നു ഗവർണർ. സർവകലാശാലകളിലെ അഴിമതി ഇല്ലാതാക്കാൻ അദ്ദേഹം പരിശ്രമിച്ചു. മാർക്സിസ്റ്റ് പാർട്ടിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി ജനാധിപത്യത്തെ സംരക്ഷിക്കാൻ പ്രവർത്തിച്ചു. എങ്കിലും ആരിഫ് മുഹമ്മദ് ഖാൻ കേരളത്തോട് വിടപറഞ്ഞ് പോകുമ്പോൾ ഒരു സാമാന്യ മര്യാദ എന്ന നിലയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അദ്ദേഹത്തെ യാത്രയയക്കാൻ എത്തേണ്ടതായിരുന്നു എന്നാണ് കേരളത്തിന്റെ പൊതുമനസാക്ഷിയുടെ അഭിപ്രായം.
കേരളത്തിൽ ദുഃഖാചരണം നിലനിൽക്കുന്നതിനാൽ ഔപചാരിക യാത്രയയപ്പ് ഉണ്ടാകില്ലെന്ന് തനിക്കറിയാം. ഈ സാഹചര്യത്തിൽ ഗവർണർ യാത്രയയക്കാൻ ഒരു മന്ത്രിക്കെങ്കിലും വരാമായിരുന്നു. കേരളത്തിന്റെയും ഭരണഘടനയുടേയും താത്പര്യങ്ങൾ ഉയർത്തിപ്പിടിച്ച ഗവർണർ എന്ന നിലയിൽ ആരിഫ് മുഹമ്മദ് ഖാൻ കേരളജനതയുടെ മനസിൽ എന്നുമുണ്ടാകും. സംസ്ഥാന സർക്കാർ നന്ദി പ്രകടിപ്പിച്ചില്ലെങ്കിലും കേരളത്തിന്റെ ജനങ്ങളുടെ പേരിൽ താൻ നന്ദി പറയുകയാണെന്നും കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കുവേണ്ടിയും ഗവർണറോട് കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്നും വി. മുരളീധരൻ പറഞ്ഞു.















