ബാകു: ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ ക്ഷമാപണത്തിൽ ഒതുക്കിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി അസർബൈജാൻ. റഷ്യയുടെ വെടിയേറ്റാണ് അസർബൈജാൻ എയർലൈൻസ് വിമാനം കസാക്കിസ്ഥാനിൽ നിലംപൊത്തിയതെന്ന് പ്രസിഡന്റ് ഇൽഹാം ആലിയേവ് പ്രതികരിച്ചു.
കസാക്കിസ്ഥാനിലെ അക്തൗ വിമാനത്താവളത്തിന് സമീപം വിമാനം കുത്തനെ വീണ് പൊട്ടിത്തെറിച്ച സംഭവത്തിൽ 38 പേർ കൊല്ലപ്പെട്ടിരുന്നു. ബാകുവിൽ നിന്ന് റഷ്യയിലേക്ക് പോയ അസർബൈജാൻ എയർലൈൻസിന്റെ വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. റഷ്യയുടെ വെടിയേറ്റ് തകരാറിലായ വിമാനം നിലംപൊത്തുകയാണ് ചെയ്തതെന്ന് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം ആലിയേവ് അർത്ഥശങ്കയ്‌ക്ക് ഇടയില്ലാതെ പറഞ്ഞു.
വിമാനം തകർന്നതുമായി ബന്ധപ്പെട്ട സത്യങ്ങൾ മറച്ചുവെക്കാൻ റഷ്യയിലെ “ചിലർ” ശ്രമിക്കുന്നുണ്ട്. തകർച്ചയുടെ കാരണങ്ങളെക്കുറിച്ച് തെറ്റായ വിവരണങ്ങൾ അവർ പ്രചരിപ്പിക്കുന്നതിൽ അതീവ ഖേദമുണ്ടെന്നും ആലിയേവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു വിമാനദുരന്തത്തിൽ ക്ഷമ ചോദിച്ച് പുടിൻ രംഗത്തെത്തിയത്. യുക്രെയ്നിൽ നിന്നുള്ള ഡ്രോൺ ആക്രമണം തടയാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി റഷ്യയുടെ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിച്ചിരുന്നുവെന്നും ഇതുകാരണമാണ് റഷ്യയിലേക്ക് വന്നുകൊണ്ടിരുന്ന അസർബൈജാൻ വിമാനത്തിന് വഴിതിരിച്ച് വിടേണ്ടി വന്നതെന്നുമായിരുന്നു ക്രിമിലിൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്. അസർബൈജാൻ പ്രസിഡന്റിനോട് ഖേദം പ്രകടിപ്പിക്കുന്നതായിരുന്നു പുടിന്റെ പ്രസ്താവന.
എന്നാൽ റഷ്യയുടെ ആക്രമണത്തിലാണ് അസർബൈജാൻ വിമാനത്തിന് തകരാർ സംഭവിച്ചതെന്ന കാര്യം അംഗീകരിക്കാൻ റഷ്യൻ ഭരണകൂടം തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അസർബൈജാൻ അതൃപ്തി വ്യക്തമാക്കിയത്.