തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും പുതിയ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെ പ്രശംസിച്ച് മുൻ ക്രിക്കറ്റ് താരങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റ് എന്ന നാഴികക്കല്ലാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസർ പിന്നിട്ടത്. ആഗ്രഹിക്കുന്നതൊക്കെ നേടിയെടുക്കുന്ന ജീനിയസാണ് ബുമ്രയെന്ന് താരത്തിന്റെ നേട്ടത്തെ പ്രശംസിച്ച് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
ഞായറാഴ്ച മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന നാലാം ടെസ്റ്റിന്റെ നാലാം ദിനത്തിൽ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിനെ പുറത്താക്കിയാണ് ബുമ്ര 200 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. പരമ്പരയിൽ ഇതിനകം തന്നെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ ഇന്ത്യൻ താരവും ബുമ്രയാണ്. പുതിയ നേട്ടത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇരുന്നൂറോ അതിലധികമോ വിക്കറ്റ് നേടിയ ബൗളർമാരിൽ ഏറ്റവും മികച്ച ശരാശരിയും ബുമ്രയ്‌ക്കാണ്.19.5 ശരാശരിയിലാണ് താരം 202 വിക്കറ്റുകൾ നേടിയിരിക്കുന്നത്.
20-ന് താഴെ ശരാശരി നിലനിർത്തിക്കൊണ്ട് ടെസ്റ്റിൽ 200 വിക്കറ്റ് നേടുന്ന ചരിത്രത്തിലെ ആദ്യത്തെ ബൗളറാണ് ബുമ്ര. ബീറ്റ്സ് മാൽക്കം മാർഷൽ, ജോയൽ ഗാർണർ, കർട്ട്ലി ആംബ്രോസ് തുടങ്ങിയ എക്കാലത്തെയും മികച്ച താരങ്ങളെയാണ് ശരാശരിയിൽ ബുമ്ര മറികടന്നത്. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 200 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന നേട്ടം ജഡേജയ്‌ക്കൊപ്പം ഇനി ബുമ്രയ്‌ക്കും സ്വന്തം. ഇരുവരും തങ്ങളുടെ 44-ാം ടെസ്റ്റിലാണ് ഈ നേട്ടം കൈവരിച്ചത്.
അടുത്തിടെ വിരമിച്ച സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ് ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് തികച്ച ഇന്ത്യൻ താരം. തന്റെ 37-ാം ടെസ്റ്റിലാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കുന്നത്. ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് തികച്ച ബൗളർമാരുടെ പട്ടികയിൽ പാകിസ്താന്റെ യാസിർ ഷാ(33 ടെസ്റ്റുകൾ) യാണ് ഒന്നാമത്. ഓസ്‌ട്രേലിയയുടെ ക്ലാരി ഗ്രിമ്മറ്റ് (36 ടെസ്റ്റുകൾ) രണ്ടാം സ്ഥാനത്തും അശ്വിൻ മൂന്നാമതുമാണ്.















