കോട്ടയം: സ്വകാര്യ ബസിന്റെ ഇടതു വശത്തുകൂടി അപകടകരമായി ഓവർടേക്ക് ചെയ്ത കെഎസ്ആർടിസി ബസിന്റെ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. കഴിഞ്ഞ ദിവസം കോട്ടയം കൊടുങ്ങൂരിലുണ്ടായ സംഭവത്തിലാണ് പൊലീസ് നടപടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.
യാത്രക്കാർക്ക് ഇറങ്ങാനായി സ്വകാര്യ ബസ് നിർത്തിയപ്പോഴാണ് സംഭവം. ബസിൽ നിന്നും യുവതി പുറത്തേക്കിറങ്ങുമ്പോൾ ഇടതുവശത്ത് കൂടെ കെഎസ്ആർടിസി ബസ് മിന്നൽ വേഗത്തിൽ പാഞ്ഞുപോയി. ഇരു ബസുകൾക്കും ഇടയിൽപ്പെട്ട യുവതി തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
പള്ളിക്കത്തോട് പൊലീസ് ആണ് കേസെടുത്തത്. വകുപ്പ് തല നടപടിയ്‌ക്കും ശുപാർശ ചെയ്തിട്ടുണ്ട്. കെഎസ്ആർടിസി-സ്വകാര്യബസ് മത്സരയോട്ടത്തിന്റെ നടുക്കുന്ന അനുഭവങ്ങളാണ് നാട്ടുകാരും പങ്കുവെയ്‌ക്കുന്നത്.
ഇടത് വശത്തുകൂടെ ഓവർ ടേക്ക് ചെയ്യാൻ പാടില്ലെന്ന ഗതാഗത നിയമങ്ങൾ നിലനിൽക്കെയാണ് കെഎസ്ആർടിസിയുടെ നഗ്‌നമായ നിയമലംഘനം. യാത്രക്കാർക്ക് ഇറങ്ങാൻ വാഹനം വശത്തേക്ക് ഒതുക്കി പാർക്ക് ചെയ്യുന്നതിനുപകരം റോഡിൽ തന്നെയാണ് സ്വകാര്യ ബസ് നിർത്തിയത്. അതിനാൽ അശ്രദ്ധമായി നിർത്തിയതിന് സ്വകാര്യ ബസിനെതിരെയും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.