കൊട്ടാരക്കര പടിഞ്ഞാറ്റിൻക്കര മഹാദേവർ ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭരണികൾ കണ്ടെത്തി. ദേവസ്വം ഓഫീസിന്റെ നവീകരണ ജോലിക്കിടെയാണ് മണ്ണിനടയിൽ നിന്നും ആറ് ഭരണികൾ ലഭിച്ചത്. പഴയ സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയുടെ തറയിൽ അഞ്ചരയടി താഴചയിൽ വായ്ഭാഗം പുറത്തേക്ക് കാണുന്ന നിലയിലായിരുന്നു ഭരണികൾ. മണ്ണ് നീക്കം ചെയ്ത് പുറത്തെടുത്ത ഭരണികൾ ഭക്തജനങ്ങൾക്ക് കാണാവുന്ന തരത്തിൽ ക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുകയാണ്.
ചീന ഭരണി ഇനത്തിൽ പെട്ട ഇവയക്ക് നാലരയടിയിലധികം ഉയരവും മൂന്നര അടിയോളം വീതിയുമുണ്ട്. കയറുകെട്ടി പൊക്കി മാറ്റുന്നതിനായി മണ്ണ് കൊണ്ടു തന്നെ നിർമിച്ച മൂന്ന് കൊളുത്തുകളും ഭരണികളിലുണ്ട്. ചുവപ്പും കറുപ്പും കലർന്ന ഭരണികൾക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പ്രദേശം ഭരിച്ചിരുന്ന രാജവംശങ്ങൾ ചൈനയിൽ നിന്നും കൊണ്ടുവന്ന് ക്ഷേത്രത്തിന് സമർപ്പിച്ചതാണെെന്നാണ് കണക്കാക്കുന്നത്. പ്രാചീന ഗ്രീക്ക് വ്യാപരികൾക്ക് മുന്നേ ചൈനീസ് വ്യാപരികൾ ചീന ഭരണിയുമായി മറ്റും കേരളത്തിൽ എത്തിയതായി ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രാചീന കാലത്ത് ക്ഷേത്രത്തിൽ നിവേദ്യമായി പടച്ചോറും തൈരും ഉപ്പുമാങ്ങയും ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. ഉപ്പുമാങ്ങ മറ്റും സൂക്ഷിക്കാൻ ഇത് ഉപയോഗിച്ചിരിക്കാനാണ് സാധ്യത. എന്നാൽ ഇവ എങ്ങനെ ക്ഷേത്രത്തിൽ എത്തിയെന്നത് സംബന്ധിച്ച് കൃത്യമായ രേഖകളോ തെളിവുകളോ ലഭ്യമല്ല.
പരശുരാമനാൽ നിർമിക്കപ്പെട്ട 108 ക്ഷേത്രങ്ങളിൽ ഒന്നാണ് പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രം.
പതിനാലാം നൂറ്റാണ്ട് മുതൽ ഇളയിടത്തുസ്വരൂപത്തിന്റെ ആസ്ഥാനമായിരുന്നു കൊട്ടാരക്കര. പിന്നാലെയാണ് കൊട്ടാരക്കര മഹാദേവന് ഇളയിടത്തപ്പൻ എന്ന വിളിപ്പേര് വന്നു ചേർന്നത്.















