അഭിലാഷ് പിള്ള തിരക്കഥ ഒരുക്കി, മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ഹിറ്റായി മാറിയ ചിത്രമാണ് മാളികപ്പുറം. അയ്യപ്പഭക്തയായ കല്ലുവിന്റെയും സുഹൃത്ത് പീയുഷിന്റെയും ജീവിതത്തിലൂടെയാണ് മാളികപ്പുറം കടന്നുപോകുന്നത്. ചിത്രം റിലീസ് ചെയ്ത് രണ്ട് വർഷം പൂർത്തിയാവുകയാണ്. ഇതിനിടെ അഭിലാഷ് പിള്ള ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റാണ് ഏറെ ശ്രദ്ധേയമാവുന്നത്.
മാളികപ്പുറത്തിന്റെ രണ്ടാം ഭാഗം വരുമെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റ്. ‘അയ്യപ്പനെ കാണാൻ കല്ലുവും പീയുഷും യാത്ര പോയിട്ട് ഇന്നേക്ക് രണ്ട് വർഷം. അവരുടെ യാത്ര ഇനിയും തുടരുക തന്നെ ചെയ്യും. ഒപ്പം നിന്ന എല്ലാവർക്കും നന്ദി’ – എന്നാണ് അഭിലാഷ് പിള്ള ഫെയ്സ്ബുക്കിൽ കുറിച്ചത്.
മാളികപ്പുറം സിനിമയുടെ രണ്ട് വർഷം പൂർത്തിയാകുന്നതിന്റെ സന്തോഷം ഉണ്ണി മുകുന്ദനും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഡിസംബറിലെ മറ്റൊരു കഥ എന്നാണ് താരം ഫെയ്സ്ബുക്കിൽ കുറിച്ചത്. മാളികപ്പുറം ഷൂട്ടിംഗ് ലൊക്കേഷനിലെ ചിത്രവും ഉണ്ണി മുകുന്ദൻ പങ്കുവച്ചു.
നവാഗഗനായ വിഷ്ണു ശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം 2022 ഡിസംബർ 22-നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ പ്രകടനത്തിലൂടെ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ ബാലതാരങ്ങളായ ദേവനന്ദയും ശ്രീപഥുമായിരുന്നു. പുതുവത്സര റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം പിന്നീട് ഒടിടിയിലൂടെ എത്തിയിരുന്നു. മികച്ച പ്രതികരണങ്ങളായിരുന്നു ചിത്രം നേടിയത്.