കാബൂൾ: സ്ത്രീകൾ ജോലി ചെയ്യുന്ന അടുക്കളകളിൽ ജനൽ പാടില്ലെന്ന വിചിത്ര നിയമവുമായി താലിബാൻ. അയൽക്കാർക്ക് സ്ത്രീകളെ കാണാത്ത വിധം വീടുകളിലെ മതിലുകൾ ഉയർത്തിക്കെട്ടണമെന്നും നിർദേശത്തിൽ പറയുന്നു. ജനലുകൾ തുറന്നിടുമ്പോൾ പുറമെയുള്ള പുരുഷന്മാർ സ്ത്രീകളെ കാണുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്റെ പുതിയ നീക്കം.
സ്ത്രീകളെ അയൽക്കാരായ പുരുഷന്മാർ കാണുന്നത് അശ്ലീലമാണെന്നും താലിബാൻ പറയുന്നു. പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളിൽ, സ്ത്രീകൾ കൂടുതലായി ഉപയോഗിക്കുന്ന ഇടങ്ങളിൽ ജനലുകൾ പാടില്ല. വീടുകളിലെ മുറ്റവും കിണറും അയൽവാസിക്ക് കാണാൻ സാധിക്കാത്ത വിധം മറച്ചു കെട്ടണം. ജനലുകളുള്ള കെട്ടിടങ്ങൾ സീൽ ചെയ്യുമെന്നും അതിനാൽ പഴയ കെട്ടിടങ്ങളിൽ നിന്നും ജനലുകൾ നീക്കം ചെയ്യണമെന്നും താലിബാൻ വക്താവ് സാബിനുള്ള മുജാഹിദ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി താലിബാന്റെ കീഴിൽ സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയാണ്. ഒന്നര കോടിയിലേറെ സ്ത്രീകൾ വീടുകളിൽ മാത്രമായി തളയ്‌ക്കപ്പെട്ടു. ഒറ്റയ്‌ക്ക് പുറത്തിറങ്ങാനുള്ള അവകാശം താലിബാൻ നിഷേധിച്ചിരുന്നു. ഭർത്താവിന്റെയോ, പിതാവിന്റെയോ ഒപ്പമല്ലാതെ സ്ത്രീകൾ പൊതുനിരത്തിൽ ഇറങ്ങരുതെന്ന് ആയിരുന്നു നിർദ്ദേശം.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാൻ പെൺകുട്ടികൾക്ക് മാത്രമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി. ഹിജാബ് ധരിക്കാതെ സ്ത്രീകൾ പുറത്തിറങ്ങരുതെന്ന നിയമവും പ്രാബല്യത്തിൽ വരുത്തി. ഇതിന് പിന്നാലെയാണ് ജനലുകൾ നീക്കം ചെയ്യുന്ന വിചിത്ര നിയമവുമായി താലിബാൻ വീണ്ടും രംഗത്തെത്തുന്നത്.