ബെംഗളൂരു :കർണാടക ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അടുത്ത ബന്ധുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കത്തെഴുതി വെച്ച ശേഷം കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ എഫ് ഐ ആർ രെജിസ്റ്റർ ചെയ്തു.പ്രിയങ്ക് ഖാർഗെയുടെ വലംകൈ ആയ രാജു കപ്പന്നൂരിനെതിരെയാണ് കേസ്
ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെയുടെ കൂട്ടാളികളുടെ മർദ്ദനമേറ്റ കരാറുകാരൻ സച്ചിൻ ആത്മഹത്യ ചെയ്ത സംഭവം കർണാടകയിൽ വിവാദമാകുകയാണ്. അതിനിടെയാണ് കലബുർഗിയിലെ സ്റ്റേഷൻ ബസാർ പോലീസ് പുതിയ പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തത്.
ബിദാറിൽ നിന്നുള്ള കോൺട്രാക്ടറായ സച്ചിൻ ഡിസംബർ 26 വ്യാഴാഴ്ചയാണ് ആത്മഹത്യ ചെയ്തത്. മുൻ കോൺഗ്രസ് കോർപ്പറേറ്ററും ഖാർഗെയുടെ അടുത്ത അനുയായിയുമായ രാജു കപ്പന്നൂരിന്റെ ഭീഷണിയും പണത്തിനായുള്ള സമ്മർദ്ദവും കാരണമാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ബി.ജെ.പിയുടെ പ്രതിഷേധത്തെത്തുടർന്ന് ഡിസംബർ 28 ശനിയാഴ്ചയാണ് രാജു കപ്പന്നൂർ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്ത് സ്റ്റേഷൻ ബസാർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
രാജു കപ്പന്നൂരിന്റെ പീഡനമാണ് ആത്മഹത്യ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ആരോപിച്ച് ഏഴ് പേജുള്ള ആത്മഹത്യാ കുറിപ്പ് സച്ചിൻ എഴുതിയിരുന്നു. നേരത്തെ, സച്ചിന്റെ സഹോദരി സവിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാജുവിനും മറ്റുള്ളവർക്കുമെതിരെ ബിദർ റെയിൽവേ പോലീസ് കേസെടുത്തിരുന്നു. പ്രിയങ്ക് ഖാർഗെയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു.