കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പത്തനംതിട്ട അടൂരിൽ നിന്നുള്ള ഗാനമേളയുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഗാനമേള ട്രൂപ്പുകാരുടെ അനുമതിയോടെ പ്രദേശവാസിയായ പെൺകുട്ടി സ്റ്റേജിൽ പാടുന്നതും പിന്നാലെ ഒരാൾ വന്ന് പെൺകുട്ടിയെ അധിക്ഷേപിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പെൺകുട്ടിക്ക് നേരിട്ട അപമാനത്തിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമുയർന്നു. മുണ്ടും മടക്കി കുത്തിയ സംഘാടകന് പൊങ്കാലയുടെ പൊടിപൂരവും.
കുട്ടി പാടിയത് നന്നായെന്ന് പറയാൻ വന്നപ്പോഴാണ് അയാൾ വന്ന് പ്രശ്നമുണ്ടാക്കിയതെന്ന് കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന നൈറ്റ് ബേർഡസ് എന്ന് ഗാനമേള ട്രൂപ്പിന്റെ ഉടമ അനിൽകുമാർ പറഞ്ഞു. സംഭവം വലിയ ഞെട്ടലുണ്ടാക്കിയെന്നും വിഷമിച്ച് മടങ്ങിയ പെൺകുട്ടിക്ക് എല്ലാം വേദിയിലും അവസരങ്ങൾ നൽകുമെന്നും അനിൽകുമാർ കൂട്ടിച്ചേർത്തു.
” ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമായിരുന്നു. എത്രയോ ചാൻസ് ചോദിച്ചാണ് എല്ലാവരും കയറിവരുന്നത്. അതുകൊണ്ട് ആര് വന്ന് ചാൻസ് ചോദിച്ചാലും സന്തോഷത്തോടെ കൊടുക്കും. ആ മോള് വന്ന് ചാൻസ് ചോദിക്കുന്നതിന് മുൻപായി സംഘടകരുടെ നിർദ്ദേശപ്രകാരം മൂന്ന് പേർക്ക് ചാൻസ് കൊടുത്തിരുന്നു. മൂന്നാമത്തെയാളിന് ചാൻസ് കൊടുക്കണമെന്ന് പറഞ്ഞ വ്യക്തിയോട് പെൺകുട്ടി തന്റെ കാര്യം പറഞ്ഞിരുന്നു. അദ്ദേഹമാണ് ചേട്ടാ കുഴപ്പമില്ല പെൺകുട്ടിക്കും കൂടി ചാൻസ് കൊടുക്കാൻ പറഞ്ഞത്, ഇതാണ് സംഭവിച്ചത്.
പെൺകുട്ടി പാടിയത് നന്നായെന്ന് പറയാൻ മൈക്ക് എടുത്തപ്പോഴാണ് പെട്ടെന്ന് ഒരാൾ സ്റ്റേജിൽ കേറിവന്നത്. സത്യം പറഞ്ഞാൻ വലിയ വിഷമമായി. പുള്ളിക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ കിട്ടിക്കഴിഞ്ഞുവെന്നും”, അനിൽകുമാർ പറഞ്ഞു.















