തമിഴ്നാട് ഗവർണർ ആർ.എൻ രവിയെ സന്ദർശിച്ച് കേന്ദ്രസഹായം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്. മൂന്ന് അഭ്യർത്ഥനകളാണ് നടൻ നടത്തിയത്. ഗവർണറുടെ ഔദ്യോഗിക വസതിയിൽ എത്തിയ നടനൊപ്പം ടിവികെ ട്രഷറർ വെങ്കിട്ടരാമനുമുണ്ടായിരുന്നു.
തമിഴ്നാട്ടിൽ ക്രമസമാധാനം ഉറപ്പാക്കണം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണം, വെള്ളപ്പൊക്കത്തിൽ കേന്ദ്ര സഹായത്തിന് ഇടപെടലുണ്ടാകണം എന്നിവയാണ് ആവശ്യങ്ങൾ. അണാ സർവകലാശാലയിൽ വിദ്യാർത്ഥി ലൈംഗിക പീഡനത്തിന് ഇരയായതിന്റെ പശ്ചാത്തലത്തിലാണ് വിജയ് ഗവർണറെ കണ്ടത്. ഡിസംബർ 23-നാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തിൽ ഒരാളെ പിടികൂടിയിരുന്നു.
ഇതിനിടെ ‘തമിഴ്നാടിന്റെ സഹോദരിമാർക്ക്’ എന്ന് തുടങ്ങുന്നൊരു തുറന്ന കത്തും നടൻ പുറത്തുവിട്ടിരുന്നു. സംസ്ഥാനത്തെ സ്ത്രീകൾക്കൊപ്പം സഹോദരനെ പോലെ താൻ കൂടെയുണ്ടാകുമെന്നും സുരക്ഷിത തമിഴ്നാടിനായി പ്രവർത്തിക്കുമെന്നും വിജയ് വ്യക്തമാക്കിയിരുന്നു. അതേസമയം ലൈംഗികാതിക്രമത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധമാണ് തമിഴ്നാട്ടിൽ അരങ്ങേറുന്നത്.