മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണനും ഒന്നിക്കുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രം ‘ഐഡന്റിറ്റി’ യുടെ പ്രൊമോഷൻ പൊടിപൊടിക്കുന്നു. ടീം ‘ഐഡന്റിറ്റി’ തൃശൂർ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഒരുദിവസം പ്രൊമോഷനെത്തിയത്. രാവിലെ 11 മണിക്ക് തൃശൂർ ഹൈലൈറ്റ് മാളിലും ഉച്ചക്ക് 3 മണിക്ക് കോട്ടയം ലുലു മാളിലും വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം ലുലുമാളിലും ഹെലികോപ്ടറിൽ എത്തിയ താരങ്ങൾക്ക് ഗംഭീര സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ടൊവിനോ തോമസും വിനയ് റായും ചിത്രത്തിന്റെ സംവിധായകരുമാണ് ചടങ്ങിൽ പങ്കെടുത്തത്.
ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ലിയോ’ക്ക് ശേഷം തൃഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ തമിഴ് നടൻ വിനയ് റായിയും ബോളിവുഡ് താരം മന്ദിര ബേദിയുമാണ് കൈകാര്യം ചെയ്യുന്നത്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖിൽ പോളും അനസ് ഖാനുമാണ് സംവിധായകർ. യു/എ സർട്ടിഫിക്കറ്റോടെ ജനുവരി 2ന് റിലീസ് ചെയ്യുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിലെത്തിക്കും. ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു.
Catch a glimpse of the marathon events from Thrissur, Kochi & TVM yesterday. #Identity is set to hit theaters near you from Jan 2nd 2025 (Malayalam & Tamil) 🎬🎞️📚 pic.twitter.com/NOHqPjWfii
— Tovino Thomas (@ttovino) December 30, 2024
‘ഐഡന്റിറ്റി’യിൽ അലൻ ജേക്കബ് എന്ന അന്വേക്ഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിനയ് റായ് പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫർ’ൽ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച് നേരത്തെ തന്നെ താരം മലയാളത്തിൽ വരവറിയിച്ചിരുന്നു. നീണ്ട 6 വർഷത്തിന് ശേഷം തൃഷ മലയാളത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഇരു കരങ്ങളും നീട്ടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ. 2018ൽ നിവിൻ പോളിയെ നായകനാക്കി ശ്യാമപ്രസാദിന്റെ സംവിധാനത്തിലെത്തിയ ‘ഹേയ് ജൂഡ്’ആണ് തൃഷയുടെ ആദ്യ മലയാള സിനിമ.
‘ഫോറെൻസിക്’ന് ശേഷം ടൊവിനോ തോമസ്-അഖിൽ പോൾ-അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ സിനിമയുടെ ഛായാഗ്രാഹണം അഖിൽ ജോർജാണ് നിർവഹിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്. സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തിരക്കഥ രചിച്ചത്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയപ്പോൾ ജിസിസി വിതരണാവകാശം കരസ്ഥമാക്കിയത് ഫാഴ്സ് ഫിലിംസാണ്.