ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയാണ് ക്ഷേത്ര നട തുറന്നത്. ജനുവരി 14 നാണ് മകരവിളക്ക്.
മകരവിളക്ക് പൂജകൾക്കായി വൈകുന്നേരം 4 മണിയോടെയാണ് നട തുറന്നത്. തുടർന്ന് മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി മാളികപ്പുറം മേൽശാന്തിക്ക് താക്കോൽ കൈമാറി. പതിനെട്ടാംപടിക്ക് സമീപമുള്ള ആഴിയിൽ അഗ്നി പകർന്നതോടെ മകരവിളക്ക് മഹോത്സവത്തിലേക്ക് തീർത്ഥാടകർ പതിനെട്ടാം പടി ചവിട്ടി ദർശനം തുടങ്ങി.
30,000 തീർത്ഥാടകരാണ് വെർച്വൽ ക്യൂ വഴി ഇന്ന് ദർശനത്തിനെത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് പമ്പയിൽ 10 സ്പോട്ട് ബുക്കിംഗ് കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. സുരക്ഷാ ചുമതലക്കായി പൊലീസിന്റെ അഞ്ചാമത്തെ ബാച്ച് തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്പി എസ് മധുസൂദനന്റെ നേതൃത്വത്തിൽ സന്നിധാനത്ത് ചുമതലയേറ്റു.