ന്യൂഡൽഹി: വയനാട് മേപ്പാടി ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തങ്ങളുടെ പട്ടികയിൽപെടുത്തി കേന്ദ്രസർക്കാർ. കേരളത്തിലെ റവന്യൂ ദുരന്ത നിവാരണ വിഭാഗം ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിനെയാണ് ആഭ്യന്തരമന്ത്രാലയം ജോയിൻ് സെക്രട്ടറി ഡോ. രാജേഷ് ഗുപ്ത ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം നൽകിയ കത്തിനുള്ള മറുപടിയിലാണ് രാജേഷ് ഗുപ്ത അതിതീവ്ര ദുരന്തങ്ങളുടെ പട്ടികയിൽ വയനാട് ഉരുൾപൊട്ടലിനെ ഉൾപ്പെടുത്തിയതായി വ്യക്തമാക്കിയിരിക്കുന്നത്.
വയനാട് ദുരന്തത്തിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ ഉയർത്തിയിരുന്ന വിമർശനങ്ങളുടെ വായടപ്പിക്കുന്നതാണ് നടപടി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് ഇപ്പോൾ അങ്ങനൊരു നടപടിയില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ ഇതും കേരളത്തിലെ ഇടത് – വലത് രാഷ്‌ട്രീയ പാർട്ടികൾ മോദി സർക്കാരിനെതിരായ ആയുധമാക്കിയിരുന്നു. ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ ചട്ടങ്ങൾ പ്രകാരം ഒരു പ്രകൃതി ദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് ആയിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അറിയിച്ചത്.
സ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രിതല സമിതിയുടെ വിലയിരുത്തൽ അനുസരിച്ചാണ് അതിതീവ്ര ദുരന്തങ്ങളിൽ ഉൾപ്പെടുത്തിയത്. വയനാട് ദുരന്തം അതിന്റെ വ്യാപ്തി കൊണ്ടും തീവ്രത കൊണ്ടും അതിതീവ്ര ദുരന്തങ്ങളുടെ കാറ്റഗറിയിൽ പെടുന്നതാണെന്ന വിലയിരുത്തലാണ് മന്ത്രിതല സമിതിക്കെന്ന് കത്തിൽ വ്യക്തമാക്കി.
സാമ്പത്തിക സഹായങ്ങളെക്കുറിച്ചും കത്തിൽ വ്യക്തത വരുത്തുന്നുണ്ട്. ഇത്തരം പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായങ്ങൾ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് നൽകേണ്ടത്. ഇതിനോടകം തന്നെ അതിനുള്ള നടപടികൾ ആരംഭിച്ചതായിട്ടാണ് മനസിലാകുന്നതെന്നും കത്തിൽ പറയുന്നു. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള അധികസഹായം നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് അനുസരിച്ച് നൽകുമെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. മന്ത്രിതല സമിതിയുടെ വിലയിരുത്തൽ ഉൾപ്പെടെ കണക്കിലെടുത്താകും ഈ സഹായം തീരുമാനിക്കുക.