ആലപ്പുഴ: കഞ്ചാവ് കേസിൽ മകൻ പിടിയിലായ വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകരെ വ്യക്തിപരമായി അവഹേളിക്കുന്ന കായംകുളം എംഎൽഎ യു. പ്രതിഭയ്‌ക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ. മകൻ പിടിയിലായ വാർത്ത എംഎൽഎ നിഷേധിച്ചതിനെ തുടർന്നാണ് മാദ്ധ്യമങ്ങൾ തെളിവ് പുറത്തുവിട്ടത്. ഇതോടെയാണ് മാദ്ധ്യമപ്രവർത്തകരെ എഫ്ബി ലൈവിലൂടെ എംഎൽഎ പരസ്യമായി അധിക്ഷേപിച്ചത്.
കെയുഡബ്ല്യുജെ ആലപ്പുഴ ജില്ലാ ഘടകമാണ് എംഎൽഎയ്‌ക്കെതിരെ രംഗത്തെത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനാണ് തീരുമാനം. ജാതീയ അധിക്ഷേപം ഉൾപ്പെടെ അപകീർത്തികരമായ വാക്കുകളാണ് എംഎൽഎ മാദ്ധ്യമപ്രവർത്തകർക്കെതിരെ നടത്തുന്നതെന്നും ഒരു ജനപ്രതിനിധിയിൽ നിന്നും ഇത്തരം സമീപനം ഒരിക്കലും നീതീകരിക്കാനാകില്ലെന്നും കെയുഡബ്ല്യുജെ പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു. ആദ്യം വ്യാജ വാർത്തയാണെന്ന് പറഞ്ഞ എംഎൽഎ പിന്നീട് രേഖകൾ പുറത്തുവന്നതോടെ അടിക്കടി നിലപാട് മാറ്റുകയായിരുന്നുവെന്നും കെയുഡബ്ല്യുജെ ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി.
എക്‌സൈസ് വകുപ്പിൽ നിന്നും ലഭിച്ച ഔദ്യോഗിക വിവരങ്ങളും രേഖകളും മാത്രമാണ് ജോലിയുടെ ഭാഗമായി മാദ്ധ്യമങ്ങൾ വാർത്തയായി നൽകിയതെന്നും കെയുഡബ്ല്യുജെ ചൂണ്ടിക്കാട്ടി. എംഎൽഎയെ പാർട്ടി നേതൃത്വം തിരുത്തണമെന്നും വ്യക്തിധിക്ഷേപം നേരിട്ട മാദ്ധ്യമപ്രവർത്തകർ നിയമനടപടിയിലേക്ക് നീങ്ങിയാൽ എല്ലാ പിന്തുണയും നൽകാനും കെയുഡബ്ല്യുജെ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
കഴിഞ്ഞ ദിവസമാണ് സുഹൃത്തുക്കൾക്കൊപ്പം യു പ്രതിഭയുടെ മകനെയും കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. ഒൻപതംഗ സംഘത്തിനൊപ്പമായിരുന്നു മകനും പിടിയിലായത്. മാദ്ധ്യമങ്ങൾ വാർത്ത നൽകിയതോടെ എംഎൽഎയും മകനും സമൂഹമാദ്ധ്യമ ലൈവിലൂടെ വാർത്ത നിഷേധിച്ച് രംഗത്തെത്തി. എന്നാൽ പിന്നീട് എക്‌സൈസ് രേഖപ്പെടുത്തിയ പേരു വിവരങ്ങൾ മാദ്ധ്യമങ്ങൾ പുറത്തുവിട്ടതോടെ എംഎൽഎയുടെ വാദം തെറ്റാണെന്ന് തെളിഞ്ഞു. മകൻ സുഹൃത്തുക്കൾക്കൊപ്പം കൂട്ടത്തിലിരിക്കുമ്പോൾ പിടിയിലായതാണെന്ന് ആയിരുന്നു പിന്നീട് എംഎൽഎയുടെ പ്രതികരണം.
നിയമമറിയാത്ത വിവരദോഷിയായ റിപ്പോർട്ടറെന്നും നിങ്ങളുടെ വീട്ടിലെ അമ്മയെയോ സഹോദരിയെയോ പൊതുരംഗത്ത് വിട്ടിട്ട് അവരുടെ വാർത്ത ചെയ്യൂവെന്നും മറ്റുമായിരുന്നു മാദ്ധ്യമസ്ഥാപനങ്ങളുടെ പേരെടുത്ത് പറഞ്ഞ് എഫ്ബി ലൈവിൽ പ്രതിഭയുടെ അധിക്ഷേപം. പത്ത് രൂപ നക്കാപ്പിച്ച എവിടെ നിന്നെങ്കിലും കിട്ടിക്കാണുമെന്നും രണ്ട് ചിക്കൻകാലോ ഒരു കുപ്പിയോ നിങ്ങൾക്ക് കിട്ടിയെങ്കിൽ എന്റെ മകനെയും എന്നെയും വെറുതെ ഇതാക്കണ്ടെന്നുമൊക്കെ എഫ്ബി ലൈവിൽ എംഎൽഎ പറഞ്ഞിരുന്നു.
എന്നാൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ബന്ധപ്പെട്ടാൽ പോലും എംഎൽഎ ഫോൺ എടുക്കുകയോ പ്രതികരിക്കുകയോ ചെയ്യാറില്ലെന്നും ആലപ്പുഴയിലെ മാദ്ധ്യമങ്ങളോട് ഒരു തരത്തിലും സഹകരിക്കാത്ത ആളാണ് എംഎൽഎയെന്നും പ്രതിഷേധക്കുറിപ്പിൽ കെയുഡബ്ല്യുജെ ചൂണ്ടിക്കാട്ടി.















