മുംബൈ: ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി സുഖം പ്രാപിക്കുന്നതായി സൂചന. താരം ചികത്സയിൽ കഴിയുന്ന താനെയിലെ പ്രഗതി ആശുപത്രിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണിപ്പോൾ ആരാധകർക്ക് ആശ്വാസമേകുന്നത്. ആശുപത്രിയിലെ നഴ്സിനും ജീവനക്കാർക്കുമൊപ്പം നൃത്തം ചെയ്യുന്ന കാംബ്ലിയുടെ വീഡിയോ ആണ് പുറത്തുവന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ആശുപത്രി കിടക്കയ്‌ക്ക് സമീപത്ത് നിന്ന് ജനപ്രിയഗാനത്തിന് ചുവടുവെയ്‌ക്കുന്ന കാംബ്ലിയെ കാണാം. പാട്ടിന്റെ താളത്തിനൊത്ത് പതുക്കെ കാലുകളും കൈകളും ചലിപ്പിക്കുന്ന കാംബ്ലി അവസാനം ചക്‌ദേ ഇന്ത്യ ഏറ്റുപാടുന്നതോടെ ആവേശത്തിന്റെ കൊടുമുടിയിലെത്തുന്നത് കാണാം. പാട്ടിനൊടുവിൽ ബാറ്റിംഗ് ആക്ഷനും താരം കാണിക്കുന്നുണ്ട്.
കാംബ്ലിയുടെ സംസാരശേഷിക്ക് പ്രശ്‌നം നേരിടാൻ സാദ്ധ്യതയുണ്ടെന്നും ഓർമ്മശക്തി നഷ്ടപ്പെട്ടേക്കുമെന്നും കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കാംബ്ലിയുടെ സ്‌നേഹിതരും ആരാധകരും വിഷമത്തിലായിരുന്നു. പുതിയ വീഡിയോ വളരെപ്പെട്ടന്ന് വൈറലായി മാറി. വീഡിയോക്ക് താഴെ ആരാധകരുടെ കമന്റുകളും നിറഞ്ഞു. പലരും കാംബ്ലി വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസിച്ചു.
മൂത്രത്തിൽ അണുബാധയെയും പേശീവലിവിനെയും തുടർന്നാണ് താരത്തെ ഡിസംബർ 21 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിരുന്നു. നാളുകൾക്ക് ശേഷം കാംബ്ലിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.















