ബെംഗളൂരു: ജിഎസ്എൽവിയിൽ എൻവിഎസ്-02 കൃത്രിമ ഉപഗ്രഹം ജനുവരിയിൽ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഈ ദൗത്യം വരും വർഷത്തേക്ക് ആസൂത്രണം ചെയ്ത പദ്ധതികളിൽ ഒന്ന് മാത്രമാണെന്നും സോമനാഥ് കൂട്ടിച്ചേർത്തു. സ്‌പെഡെക്‌സ് വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
” 2025 ൽ നിരവധി ദൗത്യങ്ങൾക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. ജനുവരിയിൽ ജിഎസ്എൽവി എൻവിഎസ്- 02 വിക്ഷേപണ ദൗത്യം നമുക്ക് മുന്നിലുണ്ട്. 2023 മെയ് മാസത്തിൽ ജിഎസ്എൽവിയിൽ 2,232 കിലോഗ്രാം ഭാരമുള്ള എൻവിഎസ്- 01 ഉപഗ്രഹത്തെ ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ വിജയകരമായി വിക്ഷേപിച്ചിരുന്നു. അത്തരത്തിൽ എൻവിഎസ് – 02 വിജയകരമായി വിക്ഷേപിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”- എസ് സോമനാഥ് പറഞ്ഞു.
സ്‌പെഡ്ക്‌സ് വിക്ഷേപണം വിജയകരമായി വിക്ഷേപിക്കാൻ സാധിച്ചു. ചന്ദ്രയാൻ 4 ദൗത്യത്തിനായുള്ള ഡോക്കിംഗ് പ്രാധാന്യം ചൂണ്ടിക്കാട്ടിയ എസ് സോമനാഥ് ജനുവരി 7 ന് സ്‌പെഡ്ക്‌സിന്റെ അന്തിമ ഡോക്കിംഗ് നടക്കുമെന്നും പറഞ്ഞു. സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നുള്ള 99-ാമത്തെ വിക്ഷേപണമാണിത്. അടുത്ത വർഷം തുടക്കത്തിൽ തന്നെ 100-ാമത്തെ വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് വ്യത്യസ്ത ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വച്ച് കൂട്ടിയോജിപ്പിക്കുന്നതിനുള്ള ഐഎസ്ആർഒയുടെ നിർണായക ദൗത്യമാണ് സ്‌പെഡെക്‌സ്. ഭൂമിയിൽ നിന്ന് 470 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് ഉപഗ്രഹങ്ങളെ എത്തിക്കുന്നത്. ശേഷം ഇവ തമ്മിലുള്ള അകലവും വെലോസിറ്റിയും ഘട്ടം ഘട്ടമായി കുറച്ച ശേഷമാണ് ഡോക്കിംഗ് നടക്കുക.
ദൗത്യം വിജയകരമായാൽ ബഹിരാകാശ ഡോക്കിംഗിനുള്ള സാങ്കേതികവിദ്യ സ്വന്തമാക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ചാന്ദ്ര പര്യവേഷണങ്ങളും ഭാരതീയ അന്തരീക്ഷ സ്റ്റേഷനും ഉൾപ്പെടെയുള്ള ഭാവി ദൗത്യങ്ങൾക്കായുള്ള നിർണായക ചുവടുവയ്പ്പാണ് ഇന്ത്യയുടെ സ്‌പെഡ്ക്‌സ്.