കോഴിക്കോട്: ഭൂമി തരംമാറ്റത്തിന് കൈക്കൂലി ആവശ്യപ്പെട്ട പന്തീരങ്കാവ് വില്ലേജ് ഓഫീസർ പിടിയിൽ. കണ്ണൂർ ചാലാട് സ്വദേശി എം പി അനിൽകുമാറാണ് പിടിയിലായത്. പെട്രോൾ പമ്പിന്റെ നിർമാണത്തിനായി ഭൂമി തരംമാറ്റം ആവശ്യപ്പെട്ട് എത്തിയവരോടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.
ഒരേക്കർ ഭൂമിയിലെ 30 സെന്റ് തരംമാറ്റത്തിനായിരുന്നു അപേക്ഷ നൽകിയത്. ഇതിനായി 2 ലക്ഷം രൂപ അനിൽകുമാർ ആവശ്യപ്പെടുകയായിരുന്നു. ആദ്യ ഗഡുവായി 50,000 രൂപ നൽകണമെന്നായിരുന്നു ആവശ്യം. ഇതോടെ അപേക്ഷകർ വിജിലൻസിൽ പരാതിപ്പെട്ടു.
വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം 50,000 രൂപയും കൈക്കൂലിയായി വില്ലേജ് ഓഫീസർക്ക് നൽകി. പിന്നാലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അനിൽകുമാറിനെ കയ്യോടെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നു. ഏറെ നാളായി അനിൽകുമാറിനെ നിരീക്ഷിച്ച് വരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി വിജിലൻസ് കോടതിയിൽ ഹാജരാക്കും.