ശ്രീനഗർ: പാക് അധീന കാശ്‌മീരിലെ ജിൽജിത്തിലുള്ള പാറയിൽ കണ്ടെത്തിയത് പുരാതന സംസ്‌കൃത ഭാഷയിലെ ലിഖിതങ്ങളെന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എഎസ്ഐ). ബ്രാഹ്മി ലിപിയിൽ എഴുതിയിട്ടുള്ള ഇവ ഏകദേശം സിഇ നാലാം നൂറ്റാണ്ടിലേതാണെന്നാണ് എഎസ്ഐയുടെ പഠനങ്ങളിൽ കണ്ടെത്തൽ. ലിഖിതം എപ്പിഗ്രാഫ് വിഭാഗം ഡീകോഡ് ചെയ്തു.
ഗവേഷണ സംഘം പാറയിൽ കൊത്തിവച്ചിരിക്കുന്ന ലിഖിതത്തിന്റെ ഉള്ളടക്കം കണ്ടെത്തി. “പുഷ്പസിംഗ തന്റെ ഗുരുവിന്റെ (പേര് ഭാഗികമായി നഷ്ടപ്പെട്ട നിലയിലാണ്) യോഗ്യതയ്‌ക്കായി മഹേശ്വര ലിംഗം സ്ഥാപിച്ചു”എന്നാണ് ലിഖിതത്തിൽ പറയുന്നതെന്ന് എപ്പിഗ്രഫി ഡയറക്ടർ കെ മുനിരത്നം റെഡ്ഡി അറിയിച്ചു. രാജസ്ഥാനിൽ നിന്നുള്ള ശിവ് പ്രതാപ് സിംഗാണ് ലിഖിതത്തിന്റെ ചിത്രങ്ങൾ എഎസ്‌ഐയുമായി പങ്കിട്ടത്.
ഇതിനുമുൻപും പാകിസ്താനിൽ നിന്ന് സംസ്‌കൃത ലിഖിതങ്ങൾ കണ്ടെത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പുരാവസ്തു ഗവേഷകർ പറയുന്നു. അഞ്ചുമാസം മുൻപ് പാകിസ്താനിലെ പെഷവാറിൽ നിന്ന് അയച്ച സംസ്‌കൃത ലിഖിതം എഎസ്ഐ ഡീകോഡ് ചെയ്തിരുന്നു. ഒരു സ്ലാബിൽ കൊത്തിയ ലിഖിതത്തിന്റെ ശകലങ്ങളാണ് ലഭിച്ചത്. ഇവ പത്താം നൂറ്റാണ്ടിലെ സംസ്‌കൃതത്തിലും ശാരദ ലിപിയിലും എഴുതിയവയാണെന്ന് എഎസ്ഐ പറയുന്നു. കേടായതും ജീർണാവസ്ഥയിലുമായ ഈ ലിഖിതങ്ങൾ ബുദ്ധകൾ (ബുദ്ധമതത്തിലെ മന്ത്രങ്ങൾ ധാരണി/ ധരണികൾ എന്നാണ് അറിയപ്പെടുന്നത്)പരാമർശിക്കുന്നതാവാമെന്നാണ് ഗവേഷണ സംഘം പറയുന്നത്.















