തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പിഎ അസീസ് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം. കോളേജിനുള്ളിലെ പണി തീരാത്ത കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കോളേജ് ഉടമ അബ്ദുൾ അസീസ് താഹയുടെ മൃതദേഹമാണിതെന്നാണ് സംശയം.
കോളേജിന്റെ പണിതീരാത്ത ഹാളിനുള്ളിലാണ് പുരുഷന്റേതെന്ന് സംശയിക്കുന്ന കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. കോളേജ് ഉടമ അബ്ദുൾ അസീസ് താഹയുടെ കാറും മൊബൈൽ ഫോണുമടക്കം സമീപത്തായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഉടമയുടെ മൃതദേഹമാണിതെന്ന സംശയത്തിലാണ് പൊലീസ്
ഇന്നലെ രാത്രിയോടെയാണ് സംഭവമെന്നാണ് സൂചന. കോളേജിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അബ്ദുൾ അസീസിന് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായി നാട്ടുകാർ പറയുന്നു. പണം ലഭിക്കാനുള്ളവർ അബ്ദുൽ അസീസുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ കോളജ് പരിസരത്ത് കണ്ടിരുന്നതായും നാട്ടുകാരിൽ ചിലർ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. നെടുമങ്ങാട് പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.