വെല്ലിംഗ്ടൺ: കിരിബാത്തിയിലെ ക്രിസ്മസ് ദ്വീപിലും ന്യൂസിലാൻഡിലും പുതുവർഷം പിറന്നു. ഓക്‌ലൻഡിലെ സ്‌കൈ ടവറിൽ നടന്ന അതിവിപുലമായ ആഘോഷ പരിപാടികളോടെയാണ് ന്യൂസീലൻഡ് 2025 നെ വരവേറ്റത്. വെടിക്കെട്ടും ലൈറ്റ് ഷോയും തീർക്കുന്ന ആകാശ വിസ്മയം കാണാൻ ആയിരക്കണക്കിന് ആളുകളാണ് റോഡുകളിലും സ്കൈ ടവറിന് സമീപത്തുമായി അണിനിരന്നത്.
വെടിക്കെട്ടിന് പിന്നാലെ അതിമനോഹരമായ ലൈറ്റ് ഷോയും നടന്നു. ആഘോഷങ്ങൾ ഓക്‌ലൻഡിനു പുറത്തേക്കും നീണ്ടു. വെല്ലിംഗ്ടണിൽ തത്സമയ സംഗീതവിരുന്ന്, തെരുവ് പ്രകടനങ്ങൾ, ഗംഭീരമായ ലൈറ്റ് ഷോ എന്നിവയുണ്ടായിരുന്നു. ക്രൈസ്റ്റ് ചർച്ചിലും ക്വീൻസ്ടൗണിലും ആധുനിക ആഘോഷങ്ങളുമായി സമന്വയിപ്പിച്ച് പരമ്പരാഗത മാവോറി സാംസ്കാരിക പരിപാടികൾ നടന്നു.
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ആഘോഷപരിപാടികൾക്കും അൽപ സമയത്തിനുള്ളിൽ തുടക്കമാകും. ഒപേറ ഹൗസിലും ഹാർബർ ബ്രിഡ്ജിലും ഇതിനോടകം ആഘോഷം തുടങ്ങിക്കഴിഞ്ഞു. ടോക്കിയോ, ലണ്ടൻ, ന്യൂയോർക്ക് സിറ്റി തുടങ്ങി ലോകത്തിലെ പ്രമുഖ നഗരങ്ങളും ന്യൂ ഇയർ ആഘോഷങ്ങൾക്കുള്ള ഒരുക്കത്തിലാണ്. മോശം കാലാവസ്ഥ കാരണം യുകെയിലെ എഡിൻബർഗിലും ബ്ലാക്ക്‌പൂളിലും നടത്താനിരുന്ന ചില പുതുവത്സര പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
ലോകമെമ്പാടും 39 സമയമേഖലകളുണ്ട്. അതുകൊണ്ടുതന്നെ ലോകം മുഴുവൻ പുതുവർഷത്തെ സ്വാഗതം ചെയ്യാൻ 26 മണിക്കൂർ എടുക്കും. യുഎസിലെ ബേക്കർ, ഹൗലൻഡ് ദ്വീപുകളിൽ ജനുവരി 2 നാണ് പുതുവർഷമെത്തുക.
Leave a Comment