മലപ്പുറം: നിലമ്പൂർ എംഎൽഎ പിവി അൻവറിന് തോക്ക് ലൈസൻസ് നൽകില്ല. ജില്ലാ ഭരണകൂടം അൻവറിന്റെ അപേക്ഷ നിരസിച്ചു. ലൈസൻസ് അനുവദിക്കാൻ പൊലീസ് എൻഒസി (എതിർപ്പില്ലാരേഖ) നൽകാത്തതിനാലാണ് ജില്ലാ ഭരണകൂടം അപേക്ഷ നിരസിച്ചത്. നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് അൻവറിന്റെ തീരുമാനം.
അൻവർ കലാപാഹ്വാനം നടത്തിയെന്നടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് NOC നിരസിച്ചത്. വനംവകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും അനുകൂല റിപ്പോർട്ട് അൻവറിന് ലഭിച്ചിരുന്നു. എന്നാൽ പൊലീസ് ചെക്ക് വച്ചതോടെ ലൈസൻസ് നേടുന്നതിന് വിലങ്ങുതടിയായി.
ജീവനിൽ പേടിയുണ്ടെന്ന് കാണിച്ച് തോക്കിന് ലൈസൻസ് തേടി നാല് മാസം മുൻപായിരുന്നു ജില്ലാ കളക്ടർക്ക് അൻവർ അപേക്ഷ നൽകിയത്. എംആർ അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് പൊലീസിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നായിരുന്നു അൻവറിന്റെ വാദം.
മുഖ്യമന്ത്രിയുടെ ഓഫീസ്, പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, എഡിജിപി എംആർ അജിത്കുമാർ എന്നിവർക്കെതിരെ അതിഗുരുതര ആരോപണങ്ങളുന്നയിച്ച് ഇടതുപക്ഷത്ത് നിന്ന് ഇറങ്ങിപ്പോന്ന പിവി അൻവർ പുതിയതായി രാഷ്‌ട്രീയ കൂട്ടായ്മ രൂപീകരിക്കുകയും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു.