ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സിഡ്നി ടെസ്റ്റിന് ശേഷം വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് സൂനച. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം ബിസിസിഐ ഉന്നതരും സെലക്ടർമാരും ഇക്കാര്യത്തെക്കുറിച്ച് രോഹിത്തുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയാൽ അതുവരെ തുടരാൻ അനുവദിക്കണമെന്ന് രോഹിത് സെലക്ടർമാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
നാലാം ടെസ്റ്റിലെ തോൽവിക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സ്വന്തം ഫോമിനെക്കുറിച്ച് ഒന്നും മിണ്ടാത്ത രോഹിത്ത് ടീമിന്റെ മൊത്തം പ്രകടനമാണ് വിലയിരുത്തിയത്. യുവതാരങ്ങളുടെ മേൽ പഴിചാരനും അദ്ദേഹത്തിന് ബുദ്ധിമുട്ടൊന്നുമുണ്ടായതുമില്ല. ആറ് ഇന്നിംഗ്സിൽ നിന്ന് 31 റൺസാണ് ഹിറ്റ്മാന്റെ ഇതുവരെയുള്ള സമ്പാദ്യം. അത് ജസ്പ്രീത് ബുമ്ര ഈ ടൂർണമെന്റിൽ സ്വന്തമാക്കിയ വിക്കറ്റുകളെക്കാൾ ഒന്ന് മാത്രം കൂടുതൽ.
ബാറ്റർ എന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും രോഹിത്തിന്റെ പതനം കണ്ട പരമ്പരയായിരുന്നു ബോർഡർ-ഗവാസ്കർ ട്രോഫി. നായകനെന്ന നിലയിൽ രോഹിത്തിന്റെ പല തീരുമാനങ്ങളും ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നത് ടൂർണമെന്റിൽ വ്യക്തമായി. ഇന്ത്യയുടെ തലവേദനയായ ട്രാവിസ് ഹെഡിനെ പിടിച്ചുകെട്ടാൻ സാധിക്കാതെ നിസഹായനായി നിൽക്കുന്ന രോഹിത്തിനെയും ഗ്രൗണ്ടിൽ അലസനായി നടക്കുന്ന, സഹതാരങ്ങളെ പതിവിലുമേറെ ചീത്ത വിളിക്കുന്ന ഹിറ്റ്മാനെയും കണ്ടു. ബാറ്റിംഗിലേക്ക് വരുമ്പോൾ തീർത്തും ഉദാസീനമായ സമീപനമായിരുന്നു ക്യാപ്റ്റന്റെ ഭാഗത്ത് നിന്നുണ്ടായത്.