ഫലവർഗങ്ങൾ കഴിക്കുമ്പോൾ അവയുടെ തൊലി കളയുന്നതാണ് നമ്മുടെ ശീലം. വാഴപ്പഴം, ഓറഞ്ച്, കൈതച്ചക്ക എന്നിവയെല്ലാം അതിന് ഉദാഹരണങ്ങളാണ്. എന്നാൽ ചില ഫലങ്ങൾ കഴിക്കുമ്പോൾ അതിന്റെ പുറംതോട് കളയരുതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. തൊലിയോടൊപ്പം കഴിച്ചാൽ ഗുണമേറുമെന്നും ഗവേഷകർ പറയുന്നു. ഇത്തരത്തിൽ തൊലി കളയാതെ കഴിക്കേണ്ട പഴങ്ങളിതാ..
പേരയ്‌ക്ക
പോഷകങ്ങളാൽ സമ്പന്നമാണ് പേരയ്‌ക്ക. ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഫലവും പേരയ്‌ക്ക തന്നെ. ചിലർ പേരയ്‌ക്ക കഴിക്കുമ്പോൾ അവയുടെ തൊലി ചെത്തിക്കളഞ്ഞ് ശേഷിക്കുന്ന ഭാഗം കഴിക്കും. എന്നാൽ പേരയ്‌ക്കയുടെ തൊലിയുൾപ്പടെ കഴിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഫൈബറും വിറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും കൂടുതൽ ലഭിക്കുന്നതിന് വേണ്ടിയാണിത്.
ഫിഗ്
മധുരമുള്ളതും പോഷകങ്ങളാൽ സമ്പന്നവുമാണ് ഫിഗ്. പേരയ്‌ക്ക പോലെ ഇതും പുറംതോട് കളയാതെ കഴിക്കണം.
മാങ്ങ
മാമ്പഴം കഴിക്കുമ്പോൾ തൊലി ചെത്തിക്കളഞ്ഞ് കഴിക്കുന്നവരും തൊലി ഉൾപ്പടെ കഴിക്കുന്നവരുമുണ്ട്. എന്നാൽ മാങ്ങയുടെ തൊലി കളയാതെ കഴിക്കുന്നതാണ് കൂടുതൽ ഗുണകരം. 1.7 ഗ്രാം ഫൈബറും 36 ശതമാനം വിറ്റമിൻ സിയും മാമ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ഇത് ദഹനവും പ്രതിരോധശേഷിയും മെച്ചപ്പെടുത്തും.
പ്ലം
പ്ലമ്മിന്റെ ചർമ്മത്തിലാണ് കൂടുതൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നത്. കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും പ്ലമ്മിന് സാധിക്കും. അതിനാൽ ചർമ്മം കളയാതെ പ്ലം കഴിക്കാൻ ശ്രദ്ധിക്കുക.
ഇവ കൂടാതെ മുന്തിരി, പിയർ, ആപ്പിൾ, പീച്ച്, ചെറികൾ എന്നിവയും തൊലി കളയാതെ കഴിക്കണം. ഫലവർഗങ്ങളിലെ പോഷകങ്ങൾ നഷ്ടപ്പെടാതെ മുഴുവനായും ലഭിക്കുന്നതിന് വേണ്ടിയാണിത്.