ക്രിക്കറ്റ് താരങ്ങൾക്ക് പിആറിന്റെ ആവശ്യമുണ്ടോ എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണിയോട് ചോദിച്ചാൽ അദ്ദേഹത്തിന് അതിനൊരു മറുപടിയുണ്ട്. ഒരു കാരണവും. സോഷ്യൽ മീഡിയയുമായി എന്നും അകലം പാലിച്ച ധോണി പിആറിനോട് എന്നും മുഖം തിരിച്ച താരവുമാണ്. യുവതലമുറ ക്രിക്കറ്റർമാർക്കിടയിൽ സെൽഫ് പ്രാെമോഷനും പിആറും വർദ്ധിക്കുന്ന എന്ന വിമർശനം ഉയരവെയാണ് ധോണിയോട് ഈ ചോദ്യം ഒരു അവതാരകൻ ഉന്നയിച്ചത്. യൂറോഗ്രിപ്പ് ചാനൽ യുട്യൂബിൽ പങ്കുവച്ച ഒരു വീഡിയോയിലാണ് സംഭവം.
“ഞാൻ ഒരിക്കലും സോഷ്യൽ മീഡിയയോട് അടുത്തിട്ടില്ല. കരിയറിലുടനീളം എനിക്കുണ്ടായിരുന്നത് വിവിധ മാനേജർമാരായിരുന്നു. എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത് എന്നോട് അല്പമെങ്കിലും പിആർ ചെയ്യാനാണ്. എന്തെങ്കിലുമൊന്ന് ബിൾഡ് ചെയ്യൂ എന്നാണ് പറഞ്ഞത്.ഞാൻ അവരോടും പറഞ്ഞത് ഒരു ഉത്തരമാണ്. ഞാൻ നന്നായി ക്രിക്കറ്റ് കളിക്കുകയാണെങ്കിൽ എനിക്ക് ഒരു പിആറിന്റെയും ആവശ്യമില്ല.ഞാൻ കളി തുടങ്ങുന്ന സമയത്താണ് ട്വിറ്റർ വരുന്നത്. പിന്നെ ഇൻസ്റ്റഗ്രാമും വന്നു. എന്നും നിരന്തരമായി സോഷ്യൽ മീഡിയയിൽ ഇടുക എന്നത് എന്നെ സംബന്ധിച്ച് നടക്കുന്ന കാര്യമല്ല”—ധോണി പറഞ്ഞു.