ന്യൂഡൽഹി: അവസാന മത്സരവും സമനിലയിൽ പിരിഞ്ഞതോടെ ലോക ചെസ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പ് കിരീടം പങ്കിട്ട് മുൻ ചാമ്പ്യൻ മാഗ്നസ് കാൾസണും റഷ്യൻ ഗ്രാൻഡ് മാസ്റ്റർ ഇയാൻ നെപോംനിയാച്ചിയും. ചെസ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ലോക ചാമ്പ്യൻഷിപ്പ് കിരീടം പങ്കിടുന്നത്. കാൾസന്റെ എട്ടാമത്തെ ലോക ബ്ലിറ്റ്സ് കിരീട നേട്ടമാണിത്. നെപോംനിയാച്ചിയുടെ ആദ്യത്തേതും.
സഡൻ ഡെത്ത് സ്റ്റേജിൽ ഇരു താരങ്ങളും തുടർച്ചയായി മൂന്ന് സമനിലകൾ കളിച്ചതിനെ തുടർന്നാണ് കിരീടം പങ്കിടാനുള്ള തീരുമാനം. തുടർച്ചയായ രണ്ട് വിജയങ്ങളോടെയാണ് കാൾസൻ ഫൈനൽ ആരംഭിച്ചത്. ജയം ഉറപ്പിക്കാൻ ഒരു സമനില മാത്രം മതിയായിരുന്നു. എന്നാൽ അടുത്ത രണ്ട് ഗെയിമുകളും ജയിച്ച് റഷ്യൻ താരം ശക്തമായ തിരിച്ചുവരവ് നടത്തിയതോടെ മത്സരം സഡൻ ഡെത്തിലേക്ക് നീങ്ങി.
സഡൻ ഡെത്തിലെ മൂന്ന് ഗെയിമുകളും സമനിലയിൽ അവസാനിച്ചതോടെ കാൾസൺ കിരീടം പങ്കുവെയ്‌ക്കാമെന്ന നിർദേശം മുന്നോട്ട് വെയ്‌ക്കുകയായിരുന്നു. ഇത് റഷ്യൻ താരവും ഫിഡെയും അംഗീകരിച്ചു.
Magnus Carlsen suggested to Ian Nepomniachtchi to share the first place! #RapidBlitz pic.twitter.com/GILoLJai58
— International Chess Federation (@FIDE_chess) December 31, 2024
ഇത്തവണ ചാമ്പ്യൻഷിപ്പിന്റെ തുടക്കത്തിൽ തന്നെ വിവാദങ്ങൾ സൃഷ്ടിച്ചായിരുന്നു നോർവേ ഗ്രാൻഡ് മാസ്റ്ററായ കാൾസന്റെ രംഗപ്രവേശം. ടൂർണമെന്റിൽ ജീൻസ് ധരിച്ചെത്തി ഡ്രസ്സ് കോഡ് ലംഘിച്ചതിന് കാൾസണും ഫിഡെ അധികൃതരുമായി വാക്കേറ്റമുണ്ടാവുകയും ഇവർ താരത്തിന് പിഴ ചുമത്തുകയും ചെയ്തിരുന്നു. തുടർന്ന് ഡിസംബർ 28 ന് കാൾസൺ ചാമ്പ്യൻഷിപ്പ് ഉപേക്ഷിച്ചു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം വിവാദങ്ങൾക്ക് വിരാമമിട്ട് താരം ചാമ്പ്യൻഷിപ്പിലേക്ക് മടങ്ങിയെത്തി. ഫിഡെ കാൾസനെ പിഴ ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും ഡ്രസ്സ് കോഡിൽ ഇളവ് വരുത്താൻ സമ്മതിച്ചതിനും പിന്നാലെയായിരുന്നു ഇത്.















