ഇംഫാൽ: കോൺഗ്രസിനെതിരെ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്. വംശീയ സംഘർഷത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം അദ്ദേഹം ഹൃദയത്തിന്റെ ഭാഷയിൽ മണിപ്പൂരിലെ ജനങ്ങളോട് ഖേദം പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ തലവൻ എന്ന നിലയിൽ അദ്ദേഹം നടത്തിയ ക്ഷമാപണം പക്ഷെ കോൺഗ്രസ് രാഷ്‌ട്രീയ ആയുധമാക്കാനാണ് ശ്രമിച്ചത്. പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിന്റെ പഴയകാലം ഓർമ്മപ്പെടുത്തി രംഗത്ത് വന്നത്.
പഴയ കോൺഗ്രസ് സർക്കാർ ചെയ്ത് കൂട്ടിയ പാപങ്ങളുടെ ഫലമായാണ് തന്റെ സംസ്ഥാനം ഇന്ന് പ്രക്ഷുബ്ധമായിരിക്കുന്നതെന്ന് ബീരേൻ സിംഗ് കുറ്റപ്പെടുത്തി. മണിപ്പൂരിലെ ബർമീസ് അഭയാർത്ഥികളുടെ അനധികൃത നുഴഞ്ഞുകയറ്റം നിയന്ത്രിക്കാതെ കയ്യുംകെട്ടിയിരിക്കുകയായികുന്നു കോൺഗ്രസ്. പി ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് മ്യാൻമാറിലെ ഭീകരരുമായി സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ കരാർ ഒപ്പുവെച്ചത്. ഈ ചെയ്തികളുടെ ഫലം ജനങ്ങൾ ഇന്നും അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ വാക്കുകളിലെ പൊള്ളത്തരവും ബിരേൻ സിംഗ് തുറന്നുകാട്ടി. പ്രധാനമന്ത്രി മണിപ്പൂരിലെത്തി ജനങ്ങളോട് മാപ്പ് പറയണമെന്ന തരത്തിലായിരുന്നു ജയറാം രമേശിന്റെ പരാമർശം.
വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും രക്തരൂക്ഷിതമായ വംശീയ സംഘട്ടനങ്ങൾ നടന്നത് പി. വി നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. 1992 -97 നും ഇടയിൽ നാഗ-കുക്കി ഏറ്റുമുട്ടലിൽ 13,00 ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകൾ പലായനം ചെയ്യുകയും ചെയ്തു. ഇതിന്റെ പേരിൽ നരസിംഹ റാവു മണിപ്പൂരിൽ വന്ന് മാപ്പ് പറഞ്ഞിരുന്നോയെന്നും മുഖ്യമന്ത്രി ചോദിച്ചു. പിന്നാലെ 1997 കാലഘട്ടത്തിലുണ്ടായ കുക്കി- പെറ്റ് സംഘർഷത്തിൽ 350 ജീവനുകളാണ് നഷ്ടമായത്. അന്ന് ഐ. കെ ഗുജ്റാളായിരുന്നു പ്രധാനമന്ത്രി. അദ്ദേഹവും വന്ന് മാപ്പ് പറഞ്ഞതായും കേട്ടിട്ടില്ലെന്ന് ബീരേൻ സിംഗ് പറഞ്ഞു.
സംഘർഷം മൂലം ഭവനരഹിതരായ- കുടിയൊഴിക്കപ്പെട്ട ജനതയോടുള്ള തന്റെ ക്ഷമാപണം ആത്മാർത്ഥമായിരുന്നുവെന്നും എന്നാൽ കോൺഗ്രസ് അതിൽ രാഷ്‌ട്രീയം കലർത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.















