കണ്ണൂർ: ടി. പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോളിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. പരോൾ തടവുകാരന്റെ അവകാശമാണെന്നും ആർക്കെങ്കിലും പരോൾ നല്കുന്നതിൽ സി.പി.എം ഇടപെടാറില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. പരോൾ നൽകിയത് അപരാധം എന്നും അപരാധമല്ലെന്നും താൻ പറയുന്നില്ലെന്നും എം. വി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.
പലയാളുകൾക്കും പരോൾ കിട്ടുന്നുണ്ടല്ലോ അതിന് നമ്മൾ എന്ത് ചെയ്യാനാ, ഒരാൾക്ക് പരോൾ വേണമെന്ന് സിപിഎം പറയാറില്ല. പരോൾ തടവുകാരന്റെ അവകാശമാണ്.
ആർക്കെങ്കിലും പരോൾ നല്കുന്നതിൽ സിപിഎം ഇടപെടാറില്ല. അത് സർക്കാരും ജയിൽ വകുപ്പും തീരുമാനിക്കേണ്ട കാര്യമാണ്. പരോൾ നൽകിയത് അപരാധം എന്നും അപരാധമല്ലെന്നും താൻ പറയുന്നില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കൊലപാതക കേസ് പ്രതിയുടെ ഗൃഹ പ്രവേശനത്തിന് പോയത് സാമാന്യ മര്യാദയുടെ ഭാഗമാണെന്നും ഗോവിന്ദൻ പറഞ്ഞു. പ്രതിയുടെ വീട്ടിൽ നേതാക്കൾ പോയതിൽ എന്ത് പങ്കെടുത്തതിൽ എന്താണ് മഹാപരാധമെന്നും അദ്ദേഹം ചോദിച്ചു. പാർട്ടി തള്ളിപ്പറഞ്ഞ എത്ര ആളുകളുടെ വീട്ടുകൂടലിന് പോകുന്നുണ്ടാവും. കല്യാണത്തിനും വീട്ടുകൂടലിലും പങ്കെടുക്കുന്നതിൽ എന്താണ് കാര്യം. സൗകര്യത്തിനനുസരിച്ച് പങ്കെടുക്കുന്നതിനും പങ്കെടുക്കാതിരിക്കുന്നതിനും ആരെയെങ്കിലും കുറ്റപ്പെടുത്താൻ കഴിയില്ല.
പ്രതിയുടെ വീട്ടിൽ പങ്കെടുത്തതിൽ എന്താണ് മഹാപരാധം.
എല്ലാം നെഗറ്റീവ് അല്ല പോസിറ്റീവ് ആയി ചിന്തിക്കണമെന്ന ഉപദേശവും ഗോവിന്ദന്റെ ഭാഗത്ത് നിന്നുമുണ്ടായി.















