തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര സീസണിൽ മലയാളി കുടിച്ചത് 712.96 കോടിയുടെ മദ്യം. ക്രിസ്മസ് തലേന്ന് മുതൽ പുതുവർഷത്തലേന്ന് വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഇത് 697.05 കോടിയായിരുന്നു.
പുതുവർഷത്തലേന്ന് (ഡിസംബർ 31) മാത്രം 108 കോടി രൂപയുടെ മദ്യം ബെവ്കോ വിറ്റു. കഴിഞ്ഞ വർഷം ഇത് 95.69 കോടിയായിരുന്നു. അതായത് 12.86 കോടിയിലധികം രൂപയുടെ അധികവിൽപ്പന ഇത്തവണ ബെവ്റേജസ് കോർപ്പറേഷനുണ്ടായി.
ന്യൂഇയറിന് ഏറ്റവും കൂടുതൽ മദ്യം വിറ്റതിന്റെ റെക്കോർഡ് നേടിയത് എറണാകുളം പാലാരിവട്ടം രവിപുരം ഔട്ട്ലെറ്റാണ്. ഇവിടെ നിന്ന് മാത്രം 92.31 ലക്ഷം രൂപയുടെ മദ്യവിൽപ്പന നടന്നുവെന്നാണ് ബെവ്കോ നൽകുന്ന വിവരം. രണ്ടാം സ്ഥാനം തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്ലെറ്റിനാണ്. ഇവിടെ 86.65 ലക്ഷം രൂപയുടെ മദ്യം വിറ്റു. കടവന്ത്ര ഔട്ട്ലെറ്റിനാണ് മൂന്നാം സ്ഥാനം.
പുതുവർഷത്തലേന്ന് ബിവറേജ് ഔട്ട്ലെറ്റിലൂടെ മാത്രം വിറ്റത് 96.42 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷമിത് 94.77 കോടിയായിരുന്നു. ഔട്ട്ലെറ്റിലൂടെ മാത്രം വിറ്റഴിച്ചതിൽ ഒരു കോടി 74 ലക്ഷം രൂപയുടെ അധിക വിൽപന ബെവ്കോ നേടി.