തിരുവനന്തപുരം: ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിവസമായ ജനുവരി 14 ന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിലാണ് പുരസ്കാരം സമ്മാനിക്കുക. സിനിമ ഗാനങ്ങൾക്ക് പുറമേ നിരവധി അയപ്പ ഭക്തിഗാനങ്ങളുടെ രചയിതാവ് കൂടിയാണ് കൈതപ്രം.
2012ലാണ് ഹരിവരാസനം പുരസ്കാരം സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയത്. ഗായകൻ യേശുദാസിനായിരുന്നു ആ വർഷത്തെ പുരസ്കാരം. കഴിഞ്ഞവർഷം തമിഴ് പിന്നണി ഗായകൻ പി.കെ. വീരമണി ദാസനായിരുന്നു പുരസ്‌കാരം ലഭിച്ചത്. ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരൻ തമ്പിക്കായിരുന്നു 2023ലെ ഹരിവരാസനം പുരസ്‌കാരം ലഭിച്ചത്. 2022ൽ ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിനെയും 2021ൽ ഗായകൻ വീരമണി രാജുവിനെയും പുരസ്കാരം നൽകി ആദരിച്ചു.















