ബസ് യാത്രയ്‌ക്കിടെ മൂട്ട കടി കാരണം ഉറങ്ങാൻ കഴിഞ്ഞില്ല, യുവതിക്ക് 1.29 ലക്ഷം രൂപയുടെ നഷ്ടപരിഹാരം. ദക്ഷിണ കന്നഡ പാവൂർ സ്വദേശിനി ദീപിക സുവർണയാണ് അനുകൂല വിധി നേടിയെടുത്തത്. ബസ് ഉടമയും യുവതി ടിക്കറ്റ് ബുക്ക് ചെയ്ത റെഡ് ബസ് ആപ്പും ചേർന്ന് തുക നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വ്യക്തമാക്കി.
മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സീ ബേർഡ് എന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് യുവതിക്ക് മൂട്ട കടിയേറ്റത്. കന്നഡ ചാനലിലെ റിയാലിറ്റി ഷോ ആയ രാജാറാണിയില്‍ മത്സരിക്കാനാണ് ദീപികയുടെയും ഭർത്താവിന്റെയും യാത്ര. മുട്ടയുടെ കാര്യം ബസ് ജീവനക്കാരോട് പറഞ്ഞെങ്കിലും അവർ പരിക്കാൻ തയ്യാറായില്ല. രാത്രി ശരിക്കും ഉറങ്ങാൻ സാധിക്കാത്തതിനാൽ റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ലെന്നും ഇതോടെ പ്രതിഫല തുക കുറഞ്ഞെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
റെഡ് ബസ് ആപ്പ് വഴിയാണ് യുവതി രണ്ട് ടിക്കറ്റ് ബുക്ക് ചെയ്തത്. ഒരുലക്ഷം രൂപ നഷ്ടപരിഹാരം, കോടതി ചെലവിനത്തിൽ 10,000 രൂപ, 850 രൂപയുടെ ടിക്കറ്റ്, 18,650 രൂപ പിഴ എന്നിങ്ങനെ 1.29 ലക്ഷം രൂപയാണ് പരാതിക്കാരിക്ക് നൽകാൻ വിധിച്ചത്.















