ന്യൂഡൽഹി: കർഷകരുടെ ക്ഷേമത്തിനായി സർക്കാർ പൂർണ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വർഷത്തിലെ ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ കർഷകരുടെ അഭിവൃദ്ധിക്ക് വേണ്ടിയുള്ളതാണ്. യോഗത്തിൽ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. മന്ത്രിസഭാ യോഗത്തിനുശേഷം എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
“കർഷകരുടെ ക്ഷേമത്തിനായി പൂർണമായി പ്രതിജ്ഞാബദ്ധരായ സർക്കാരാണ് ഞങ്ങളുടേത്. നമ്മുടെ രാജ്യത്തെ പോറ്റാൻ കഠിനാധ്വാനം ചെയ്യുന്ന എല്ലാ കർഷക സഹോദരിമാരെയും സഹോദരങ്ങളെയും ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. 2025 ലെ ആദ്യ കാബിനറ്റ് കർഷകരുടെ അഭിവൃദ്ധി ലക്ഷ്യമിട്ടുള്ളതാണ്. അതിനായി നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്,” പ്രധാനമന്ത്രി കുറിച്ചു.
പ്രധാനമന്ത്രി ഫസൽ ബീമാ യോജനയും പുനഃക്രമീകരിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയും തുടരാൻ മന്ത്രിസഭയിൽ തീരുമാനമായി. ഇതിലൂടെ 2025-26 കാലയളവിൽ രാജ്യത്തെ കർഷകർക്ക് പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന വിളനാശത്തിൽ നിന്നും പരിരക്ഷ ലഭിക്കും. എൻബിഎസ് സബ്‌സിഡിക്ക് പുറമെ ലഭിക്കുന്ന ഡി-അമോണിയം ഫോസ്‌ഫേറ്റിന്റെ ഒറ്റത്തവണ പ്രത്യേക പാക്കേജ് ഈ വർഷം ഡിസംബർ 31 വരെ നീട്ടാനും മന്ത്രിസഭ തീരുമാനിച്ചു. ഏകദേശം 3,850 കോടി രൂപവരെയാണ് ഈ താൽക്കാലിക ബജറ്റിന് ആവശ്യം വരുന്നത്.
കാർഷികമേഖലയിൽ നൂതനസാങ്കേതിക വിദ്യകളുടെ സംയോജനത്തിനായും മന്ത്രിസഭാ ഫണ്ട് വകയിരുത്തി. ഇത് YES-TECH, WINDS തുടങ്ങിയ സാങ്കേതിക സംരംഭങ്ങൾക്ക് കീഴിലെ കാർഷിക ഗവേഷണ വികസന പഠനങ്ങൾക്കായി വിനിയോഗിക്കും. പ്രകൃതി ദുരന്തങ്ങൾ മൂലമുള്ള വിളനാശത്തിൽ കർഷകർക്ക് സാമ്പത്തിക സുരക്ഷ നൽകാൻ മന്ത്രിസഭാ തീരുമാനങ്ങൾ സഹായിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.















