ന്യൂയോർക്ക്: പുതുവർഷം പിറന്നതുമുതൽ ഒന്നിന് പിറകെ ഒന്നായി കൂട്ടക്കുരുതികൾക്ക് സാക്ഷ്യം വഹിക്കുകയാണ് അമേരിക്ക. കഴിഞ്ഞ ദിവസം ന്യൂ ഓർലീൻസിൽ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ഡ്രൈവർ വെടിയുതിർത്ത സംഭവത്തിൽ 15 പേർ കൊല്ലപ്പെട്ടിരുൂന്നു. ഇപ്പോൾ ന്യൂയോർക്കിലെ നിശാക്ലബ്ബിൽ നടന്ന വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
ന്യൂഇയർ ദിനം രാത്രി 11.45ഓടെയാണ് ആക്രമണം നടന്നത്. ക്വീൻസിലെ അമസൂറ നിശാക്ലബ്ബിൽ നടന്ന ആക്രമണത്തിൽ 13 പേർക്ക് വെടിയേറ്റു. ജമൈക്ക ലോംഗ് ഐലൻഡ് റെയിൽ റോഡ് സ്റ്റേഷന് സമീപത്താണ് ആക്രമണം നടന്ന അമസൂറ നൈറ്റ് ക്ലബ്ബ് സ്ഥിതിചെയ്യുന്നത്. രണ്ട് പേർ ചേർന്നാണ് വെടിവെപ്പ് നടത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
ന്യൂഇയർ ദിനം പുലർച്ചെ 3.15-നായിരുന്നു ന്യൂ ഓർലീൻസിൽ ആക്രമണം നടന്നത്. ട്രക്ക് ഓടിച്ചിരുന്ന വ്യക്തി 42-കാരനായ ഷംസുദ്ദീൻ ജബ്ബാർ ആണെന്നാണ് കണ്ടെത്തൽ. ആക്രമണം നടത്താനുപയോഗിച്ച ട്രക്കിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാക ഉണ്ടായിരുന്നുവെന്ന് എഫ്ബിഐയെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.