ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ടിഗലിലുണ്ടായ വാഹനാപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ രണ്ട് പേർ മരിച്ചതായും മൂന്ന് കുട്ടികളടക്കം 10 പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. സ്ത്രീകളാണ് മരിച്ചത്.
ദിണ്ടിഗൽ ജില്ലയിലെ പുതുപ്പട്ടി-കുമാരപ്പട്ടിക്ക് ഇടയിൽ സ്ഥിതിചെയ്യുന്ന ഫ്ലൈഓവറിലാണ് അപകടം നടന്നത്. കാറിന്റെ മുൻവശത്തെ ടയർ ഊരിപ്പോയതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് പാലത്തിന്റെ കോൺക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മധുരയിൽ നിന്ന് ട്രിച്ചിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.
രണ്ട് പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തതെന്ന് അഗ്നിശമനസേനാംഗങ്ങൾ അറിയിച്ചു.