ബംഗളൂരു: അങ്കണവാടിയിൽനിന്നും പാമ്പുകടിയേറ്റ അഞ്ചുവയസുകാരി മരിച്ചു. മയൂരി സുരേഷ് ആണ് മരിച്ചത്. കർണാടകയിലെ സിർസിയിൽ ബുധനാഴ്ചയാണ് ദാരുണ സംഭവം.
മൂത്രമൊഴിക്കാൻ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോകുന്നതിനിടെയാണ് മയൂരിയെ പാമ്പ് കടിച്ചത്. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്താണ് മരണത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. അങ്കണവാടിക്ക് ചുറ്റുമതിലോ നല്ല ശുചിമുറിയോ ഇല്ലെന്നും പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
പാമ്പുകടിയേറ്റതിന് പിന്നാലെ സമീപത്തെ ആശുപത്രിയിലായിരുന്നു കുട്ടിയെ എത്തിച്ചത്. എന്നാൽ ആശുപത്രിയിലെ ഡോക്ടർ ആന്റിവെനം നൽകാതെ ഹുബ്ബള്ളിയിലെ മെഡിക്കൽ കോളജിലേക്ക് അയക്കുകയായിരുന്നു. ഹുബ്ബള്ളിയിലെത്തും മുമ്പ് മരണം സംഭവിച്ചിരുന്നു. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ ദീപ തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനാസ്ഥയാണെന്നും നാട്ടുകാർ ആരോപിച്ചു.