ബോർഡർ-ഗവാസ്കർ ട്രോഫിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ രോഹിത് ശർമയെ കളിപ്പിച്ചേക്കില്ല. താരത്തിന് വിശ്രമം അനുവദിച്ച് പുറത്തിരുത്തുമെന്നാണ് സൂചന. സിഡ്നി ടെസ്റ്റിൽ വൈസ് ക്യാപ്റ്റനായ ബുമ്ര നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ഉറപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ പരിശീലന സെഷനും. നെറ്റ്സിൽ രോഹിത് വെറും 10 മിനിട്ട് മാത്രമാണ് ബാറ്റ് ചെയ്തത്. അതും ആദ്യ ബാച്ചായ കോലി, ഗിൽ, രാഹുൽ, യശസ്വി എന്നിവർക്കൊപ്പമായിരുന്നില്ല. സ്ലിപ്പിലെ പതിവ് പരിശീലനത്തിലും രോഹിത്തിന്റെ അഭാവമുണ്ടായിരുന്നു. പത്ത് മിനിട്ടുപോലും തികച്ച് ബാറ്റ് ചെയ്യാതെയാണ് രോഹിത് മടങ്ങിയത്. സൈഡ് ആം ബൗളർമാരെയാണ് അദ്ദേഹം നേരിട്ടത്.
പരിശീലകൻ ഗൗതം ഗംഭീറുമായും ബുമ്രയുമായും സഹപരിശീലകരുമായും ദീർഘനേരത്തെ ചർച്ചയിലായിരുന്നു രോഹിത്. ഇതിന് ശേഷം ബുമ്രയും ഗംഭീറും ഏറെ നേരെ സംസാരിക്കുന്നതും കണ്ടു. രോഹിത്തിന് പകരം ഗിൽ പ്ലേയിംഗ് ഇലവനിൽ എത്തുമെന്നാണ് സൂചന. പരിക്കേറ്റ ആകാശ്ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയും ടീമിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. സിഡ്നിയിൽ രോഹിത് ഉണ്ടാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാനും ഗംഭീർ തയാറായിരുന്നില്ല. പിച്ചിന്റെ സ്വഭാവം മനസിലാക്കിയ ശേഷം അവസാന ഇലവനെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചത്.