തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമ്മേളന വേദിയിൽ പ്രതിഷേധിച്ച സ്കൂളുകൾക്ക് ഒരു വർഷത്തേക്ക് വിലക്ക്. എൻ.എം.എച്ച്.എസ് തിരുനാവായ, മാർ ബേസിൽ കോതമംഗലം എന്നീ സ്കൂളുകളെയാണ് വിലക്കിയത്.
കഴിഞ്ഞ വർഷം നവംബർ 4 മുതൽ 11 വരെ എറണാകുളത്തു നടന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന ചടങ്ങിലാണ് ഇരുസ്കൂളുകളും പ്രതിഷേധിച്ചത്. തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിനു രണ്ടാം സ്ഥാനം നൽകിയതിനെതിരെയായിരുന്നു പ്രതിഷേധം. കായികമേളയിൽ സ്പോർട്സ് സ്കൂൾ എന്നും ജനറൽ സ്കൂൾ എന്നും വേർതിരിവില്ലെന്ന ഔദ്യോഗിക വിശദീകരണം അംഗീകരിക്കാനാകില്ലെന്ന് ഇരു സ്കൂളുകളും നിലപാടെടുത്തിരുന്നു.
രണ്ട് സ്കൂളുകളും ചേർന്നു സർക്കാരിനു നൽകിയ പരാതിയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നായിരുന്നു നിലപാട്. ഇതിനു പിന്നാലെയാണ് അടുത്ത കായികമേളയിൽ നിന്ന് എൻ.എം.എച്ച്.എസ് തിരുനാവായ, മാർ ബേസിൽ കോതമംഗലം എന്നീ സ്കൂളുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. സംസ്ഥാന സ്കൂൾ കലോത്സവത്തിലും കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകൾക്ക് വിലക്ക് ഏർപ്പെടുത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.