രോഹിത് ശര്‍മയ്‌ക്കൊപ്പം ഋഷഭ് പന്തും സിഡ്നി ടെസ്റ്റിലെ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്താകുമെന്ന് സൂചന. പരിശീലകൻ ഗൗതം ഗംഭീർ താരത്തിന്റെ അലക്ഷ്യമായ ബാറ്റിംഗിനെ വിമർശിച്ചിരുന്നു. തോന്നുംപടി കളിക്കുന്ന താരം മോശം ഷോട്ട് സെലക്ഷനിലാണ് മിക്ക മത്സരങ്ങളിലും പുറത്തായത്. ഇതോടെ വിമർശനവും ശക്തമായി.
ഇതിന് പിന്നാലെയാണ് ഓസ്ട്രേലിയ എയ്‌ക്കെതിരെയുള്ള പരിശീലന മത്സരങ്ങളിൽ തിളങ്ങിയ ധ്രുവ് ജുറേലിനെ അവസാന മത്സരത്തിൽ കളിപ്പിക്കാൻ ടീം മാനേജ്മെന്റ് ഒരുങ്ങുന്നത്. 80,68 എന്നിങ്ങനെയായിരുന്നു ജുറേലിന്റെ സ്കോറുകൾ.ബോർഡർ– ഗാവസ്കർ ട്രോഫിയിൽ. 28, 30, 9, 21, 28, 37, 1 എന്നിങ്ങനെയാണ് പന്തിന്റെ പ്രകടനം. ഒരു അർദ്ധ സെഞ്ച്വറി പോലും താരത്തിന് നേടാനായില്ല.
30 പിന്നിട്ട ശേഷം അനാവശ്യ ഷോട്ടുകൾ കളിച്ച് പുറത്തായി ടീമിനെ പതിവായി പ്രതിസന്ധിയിലാക്കുന്ന പന്തിനെതിരെ ആരാധകരും തിരിഞ്ഞിട്ടുണ്ട്. പന്തിനെ മാറ്റി പരീക്ഷിക്കുന്നത് ബിസിസിഐയും പരിഗണിക്കുന്നുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നത്. പെർത്തിൽ യുവതാരം ജുറേൽ കളിച്ചിരുന്നെങ്കിലും തിളങ്ങാനായിരുന്നില്ല. അതേസമയം പന്തിന്റെ പ്രകടനം ശരാശരിക്കും താഴെ വന്നത് സെലക്ടർമാർക്കും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.