കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്മിട്ടുള്ള നൃത്ത പരിപാടിക്കിടെ വീണ് ഉമ തോമസ് എം.എൽ.എയ്‌ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ സംഘടകരായ മൃദംഗ വിഷൻ എം.ഡി നിഗോഷ് കുമാർ അറസ്റ്റിൽ. ഏഴു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് നിഗോഷിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. മെഗാ നൃത്ത സദസിലെ സംഘാടനത്തിലെ പിഴവും സാമ്പത്തിക ഇടപാടും സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യൽ.
ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഇന്ന് നിഗോഷ് കുമാർ പാലാരിവട്ടം പാെലീസിനു മുന്നിൽ ഹാജരായത്.നാളെ കോടതിയിൽ ഹാജരാക്കും.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. അശാസ്ത്രീയമായി വേദി നിർമിച്ചതിനാണ് നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക വഞ്ചനാ കുറ്റത്തിൽ ഉൾപ്പെടെ വിശദമായ പരിശോധനയ്‌ക്കുശേഷമായിരിക്കും കൂടുതൽ വകുപ്പുകൾ ചുമത്തുക.
ചട്ടം ലംഘിച്ച് തട്ടിക്കൂട്ട് വേദി സ്റ്റേഡിയത്തിൽ നിർമ്മിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ മറ്റുവഴിയില്ലാതെയായതോടെയാണ് സംഘാടകനായ നിഗോഷ് കുമാർ കീഴടങ്ങിയത്. പരിപാടിയുടെ നടത്തിപ്പിന്റെ പൂർണ ചുമതല നിഗോഷിനായിരുന്നുവെന്ന് മൃദംഗ വിഷൻ സിഇഒ പൊലീസിന് മൊഴി നൽകിയിരുന്നു. അതേസമയം അമേരിക്കയിലേക്ക് മടങ്ങിയ ദിവ്യ ഉണ്ണിയെ ആവശ്യമെങ്കിൽ വിളിച്ചുവരുത്തും.